ഗ്രാമങ്ങൾക്കുമേൽ നഗര ആധിപത്യം
text_fieldsകടുത്ത ഭരണവിരുദ്ധവികാരത്തെ പ്രതിച്ഛായ പോലും പരിത്യജിച്ച് അതിലും കടുത്ത മുസ്ലിംവിരുദ്ധത കൊണ്ടുമാത്രം എതിരിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നെയാണ് ഗുജറാത്തിൽ ഏറെ സാഹസപ്പെട്ട് പാർട്ടിയെ കേവലഭൂരിപക്ഷത്തിലെത്തിച്ചതിൽ ആശ്വസിക്കാനുള്ളത്. എണ്ണങ്ങളുടെ കളി ജയിക്കാൻ വലംകൈയായ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ മാത്രം വിശ്വസിച്ചേൽപിച്ച മോദിയുടെ നിലപാടിന് പാർട്ടിയിൽ വീണ്ടും മേൽക്കൈ ലഭിക്കാനുതകുന്നതാണ് ഇൗ ജയം. അതേസമയം, കേന്ദ്രത്തിലെയും സംസ്ഥാനെത്തയും എല്ലാ അധികാര സന്നാഹങ്ങളുമുപയോഗിച്ചിട്ടും പാർട്ടിയുടെ ജനസമ്മതി 2014ലെ പൊതുതെരഞ്ഞെടുപ്പിലെ 59.1 ശതമാനത്തിൽ നിന്ന് കുത്തനെ 49.1 ശതമാനത്തിലേക്ക് കൂപ്പുകുത്തി. സീറ്റുകൾ ഒാരോ നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്തോറും ക്രമാനുഗതമായി കുറഞ്ഞ് നൂറിന് താഴെയും എത്തി.
ഗുജറാത്തിഗ്രാമങ്ങളിലെ ദരിദ്രരും കൂലിത്തൊഴിലാളികളുമായ മഹാഭൂരിപക്ഷം ഹിന്ദുക്കളും ബി.ജെ.പിയിൽ നിന്ന് അകലുന്നുവെന്ന് തെളിയിക്കുന്നതാണ് ഇൗ തെരഞ്ഞെടുപ്പ്. ഹിന്ദുത്വവിരുദ്ധനായ ജിഗ്നേഷ് മേവാനിക്ക് പ്രവേശനമില്ല എന്ന് ബാനർ വെച്ച് അദ്ദേഹത്തെ തടഞ്ഞ വഡ്ഗാം മണ്ഡലത്തിൽ അതേ മേവാനി 20,000ലേറെ വോട്ടിനാണ് ജയിച്ചത്. അതേസമയം, സമ്പന്നരും മധ്യവർഗക്കാരുമായ വ്യവസായികളും വ്യാപാരികളുമായ നഗരഹിന്ദുക്കൾ ഭരണപരാജയെത്തക്കാൾ വെറുക്കുന്നത് മുസ്ലിംകളുടെ ഭരണപ്രാതിനിധ്യത്തെയാണെന്ന് സൂറത്തിലെ ബി.ജെ.പി മുന്നേറ്റം തെളിയിക്കുന്നു. സൂറത്തിലെ 16 സീറ്റുകളിലൊന്ന് മാത്രം കോൺഗ്രസിന് നൽകിയ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നിന്ന് ഒട്ടും ഭിന്നമല്ല നിലവിലുള്ള ചിത്രം.
കർഷകരോഷവും രൂക്ഷമായ തൊഴിലില്ലായ്മയും പാട്ടീദാറുകളുടെയും ഒ.ബി.സികളുടെയും ദലിതുകളുടെയും പ്രക്ഷോഭങ്ങളും ഗ്രാമങ്ങളെ ബി.ജെ.പിക്കെതിരാക്കിയിട്ടും നഗരങ്ങളിലത് പ്രതിഫലനമുണ്ടാക്കിയില്ലെന്ന് കടുപ്പമേറിയ മത്സരത്തിൽ നിന്ന് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിൻ പേട്ടലും പാട്ടീദാർതട്ടകത്തിൽ നിന്ന് ജയിച്ചുകയറിയതിൽനിന്ന് വ്യക്തമാകുന്നു. പരുത്തികർഷക മേഖലയിൽ നിന്നുള്ള തിരിച്ചടിയാണ് സൗരാഷ്ട്രയിൽ ബി.ജെ.പിക്ക് ആഘാതമേൽപിച്ചത്. ബി.ജെ.പി ഭരണം ആവർത്തിക്കുന്തോറും ഗുജറാത്തിലെ നിയമസഭതെരഞ്ഞെടുപ്പുകൾ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലായി മാറുകയും ഇവ രണ്ടിനുമിടയിലെ വിടവ് ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നു എന്നതാണ് ഇൗ ഫലം നൽകുന്ന പാഠം.
ഗുജറാത്തി സംസാരിക്കുന്ന മോദിയെപോലൊരു നേതാവിെൻറ അഭാവവും ഉയർത്തിക്കാണിക്കാൻ ജനസ്വാധീനമുള്ള മുഖ്യമന്ത്രിസ്ഥാനാർഥിയില്ലാത്തതും കോൺഗ്രസിെൻറ പരാജയകാരണങ്ങളായി വിലയിരുത്തുേമ്പാഴും ഗ്രാമങ്ങളിലെ വോട്ടർമാരെ അതൊന്നുമേശിയില്ല എന്നുകൂടി കാണേണ്ടി വരും. പുതുമുഖങ്ങളായ മേവാനിയും അൽപേഷ് താകോറും ജയിച്ചുകയറിയപ്പോൾ തുഷാർ ചൗധരി, ശക്തിസിങ് ഗോഹിൽ, അർജുൻ മൊദ്വാദിയ, സിദ്ധാർഥ് പേട്ടൽ എന്നിവർ ചുരുങ്ങിയ വോട്ടുകൾക്ക് തോറ്റത് ഗുജറാത്തി കോൺഗ്രസ് നേതാക്കൾ ജനങ്ങളിൽ നിന്ന് എത്ര അകലെയാണെന്ന് കാണിക്കുന്നു. എന്നാൽ, ഗുജറാത്തിെൻറ ചരിത്രത്തിൽ കോൺഗ്രസ് ഇന്നുവരെ നടത്തിയതിൽ വെച്ചേറ്റവും ഉൗർജസ്വലമായ പഴുതടച്ച പ്രചാരണങ്ങൾ തന്നെയാണ് പാർട്ടിയുടെയും സഖ്യകക്ഷികളുടെയും വോട്ടുശതമാനം 43 ലെത്തിച്ചത്.
ബി.ജെ.പി ജയിച്ച രണ്ട് ഡസനിലേറെ മണ്ഡലങ്ങളിലെങ്കിലും ആ ഭൂരിപക്ഷത്തിൽ കൂടുതൽ വോട്ടുകൾ ബി.എസ്.പി പിടിച്ചതിൽനിന്ന് ചെറുപാർട്ടികളെ ഇറക്കി ബി.ജെ.പി നടത്തിയ ഭരണവിരുദ്ധവോട്ട് ഭിന്നിപ്പിക്കുക എന്ന തന്ത്രം ഫലം കണ്ടുവെന്നും തെളിയിച്ചു. കോൺഗ്രസിനെയും ബി.ജെ.പിയെയും വിശ്വാസത്തിലെടുക്കാതെ രണ്ട് ശതമാനം വോട്ടർമാർ നോട്ട തെരഞ്ഞെടുത്തത് വോട്ടർമാർ എത്തിപ്പെട്ട മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. തെരഞ്ഞെടുപ്പ് കണ്ട് കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് മറുകണ്ടം ചാടിയവരുടെ ദയനീയ പരാജയങ്ങളും ചേർത്തുവായിക്കേണ്ടത് ഇത്തരം രാഷ്ട്രീയത്തോടുള്ള മനംമടുപ്പ് തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.