‘സിവിൽ സർവീസ് ഉദ്യോഗാർഥികളുടേത് കൊലപാതകം’; കെജ്രിവാൾ സർക്കാറിനെതിരെ സ്വാതി മലിവാൾ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്ന് ഉദ്യോഗാർഥികൾ മുങ്ങി മരിച്ച സംഭവത്തിൽ ഡൽഹി സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി വിമത നേതാവ് സ്വാതി മലിവാൾ എം.പി. വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവം ദുരന്തമല്ലെന്നും കൊലപാതകമാണെന്നും സ്വാതി മലിവാൾ എക്സിൽ കുറിച്ചു.
ഡൽഹി സർക്കാറിലെ മന്ത്രിമാരും മേയറും ഇതുവരെ അപകടത്തിൽപ്പെട്ടവരെ സന്ദർശിക്കാത്തതിൽ വിദ്യാർഥികൾ കടുത്ത അമർഷത്തിലാണ്. നാണക്കേടാണിത്. ഉത്തരവാദിത്തം നിർവഹിക്കുന്നതിന് പകരം തനിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ വിദ്യാർഥികൾക്കിടയിൽ വളണ്ടിയർമാരെ അയക്കാൻ എം.എൽ.എയും കൗൺസിലറും മസ്തിഷ്കപ്രക്ഷാളനം നടത്തുകയാണ്. എം.എൽ.എക്കും കൗൺസിലറിനും എതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യണമെന്നും മലിവാൾ ആവശ്യപ്പെട്ടു.
മന്ത്രിയും മേയറും അവരുടെ ആഡംബര വീടുകളിൽ നിന്നും എ.സി മുറികളിൽ നിന്നും ഉടൻ പുറത്തിറങ്ങി കുട്ടികളോട് മാപ്പ് പറയണം. കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം. വിദ്യാർഥികളുടെ നീതിക്ക് വേണ്ടി പാർലമെന്‍റിൽ ശബ്ദം ഉയർത്തുമെന്നും സ്വാതി മലിവാൾ വ്യക്തമാക്കി.
കനത്ത മഴക്ക് പിന്നാലെയാണ് ഡൽഹി ഓൾഡ് രാജേന്ദ്രർ നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തിൽ മുങ്ങി.
മലയാളി അടക്കം മൂന്ന് ഉദ്യോഗാർഥികൾ മുങ്ങി മരിച്ചു. ലൈബ്രറിയില്‍ ഉണ്ടായിരുന്ന 45 ഉദ്യോഗാർഥികളിൽ രണ്ടു വിദ്യാർഥികളെ കാണാതായിട്ടുണ്ട്. എൻ.ഡി.ആർ.എഫിന്റെ രക്ഷാപ്രവർത്തനത്തിനിടെയാണ് ഉദ്യോഗാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഓടകൾ വൃത്തിയാക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കോച്ചിങ് സെന്ററിന് മുമ്പിൽ ഉദ്യോഗാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.