ട്രക്കുകൾ സൈനിക വാഹനംപോലെ രൂപംമാറ്റി അക്രമികൾ ഉപയോഗിക്കുന്നുവെന്ന്; മണിപ്പൂർ പൊലീസിന് അസം റൈഫിൾസിന്‍റെ മുന്നറിയിപ്പ്
text_fieldsഇംഫാൽ: കലാപമൊടുങ്ങാത്ത മണിപ്പൂരിൽ ട്രക്കുകൾ സൈനിക വാഹനങ്ങളെപ്പോലെ രൂപംമാറ്റി മെയ്തേയി വിഭാഗക്കാരായ അക്രമികൾ ഉപയോഗിക്കുന്നുവെന്ന് അസം റൈഫിൾസിന്‍റെ മുന്നറിയിപ്പ്. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് വ്യക്തമാക്കി അസം റൈഫിൾസ് മണിപ്പൂർ പൊലീസിന് കത്തെഴുതിയതായി 'ദി പ്രിന്‍റ്' റിപ്പോർട്ട് ചെയ്യുന്നു.
തങ്ങളുടെ സൈനിക വാഹനത്തിന് സമാനമായ വാഹനം കാക്ചിങ് മേഖലയിൽ കണ്ടതായും ഇത്തരം സംഭവങ്ങൾ തടയുന്നതിന് മുൻകരുതലുകൾ സ്വീകരിക്കണമെന്നും അസം റൈഫിൾസിന്‍റെ കത്തിൽ പറയുന്നു. താഴ്വര കേന്ദ്രീകരിച്ചുള്ള നുഴഞ്ഞുകയറ്റക്കാരുടെ സഹായത്തോടെ മെയ്തേയി അക്രമികളാണ് ഇത്തരത്തിൽ നീക്കം നടത്തുന്നത്. പഴയ ടാറ്റ 407 ട്രക്കുകൾ വാങ്ങി പെയിന്‍റടിച്ചും സൈനിക അടയാളങ്ങൾ ചാർത്തിയും അസം റൈഫിൾസിന്‍റെ വാഹനത്തിന് സമാനമാക്കുകയാണ് -സെപ്റ്റംബർ 18ന് പൊലീസിന് നൽകിയ കത്തിൽ പറയുന്നു. കത്തിന്‍റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചതായി 'ദി പ്രിന്‍റ്' റിപ്പോർട്ടിൽ വ്യക്തമാക്കി.
'അസം റൈഫിൾസിന്‍റെ പ്രതിച്ഛായ നശിപ്പിക്കാനോ അല്ലെങ്കിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനോ വേണ്ടിയാണ് ഇത്തരത്തിൽ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുന്നത്' -കത്തിൽ പറയുന്നു.
മുമ്പുണ്ടായിരുന്ന നുഴഞ്ഞുകയറ്റ സംഘടനകളിലെ അംഗങ്ങളുടെ സാന്നിധ്യമാണ് നിലവിൽ മണിപ്പൂരിലെ സുരക്ഷാ സാഹചര്യങ്ങൾക്ക് വലിയ വെല്ലുവിളിയെന്ന് അസം റൈഫിൾസ് വൃത്തങ്ങൾ പറയുന്നു. നേരത്തെ ആയുധംവെച്ച് കീഴടങ്ങിയവർ പോലും ഇപ്പോൾ ആയുധപരിശീലനത്തിന് നേതൃത്വം നൽകുന്നുണ്ട്.
മണിപ്പൂരിൽ നിന്ന് നേരത്തെ പുറത്തുപോകേണ്ടിവന്ന പല നുഴഞ്ഞുകയറ്റ സംഘടനാംഗങ്ങളും നിലവിലെ സാഹചര്യത്തിൽ തിരിച്ചെത്തിയെന്നും ചൂണ്ടിക്കാട്ടുന്നു. മ്യാൻമർ വനങ്ങളിൽ കഴിഞ്ഞിരുന്ന ഇത്തരത്തിലുള്ള പലരും തിരിച്ചെത്തി അക്രമങ്ങളുടെ ഭാഗമാകുന്നുണ്ട്.
ആയുധധാരികളായ വ്യക്തികൾ പൊലീസ് വേഷം ധരിച്ച് സഞ്ചരിക്കുന്ന പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 16ന് ഇംഫാൽ ഈസ്റ്റിൽ അഞ്ച് മെയ്തേയി വിഭാഗക്കാരെ ഇത്തരത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവർ പഴയ പീപ്പിൾ ലിബറേഷൻ ആർമിയുടെ അംഗങ്ങളാണെന്നാണ് വിവരം. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പൊലീസ് വേഷത്തിൽ അക്രമത്തിലേർപ്പെടുന്ന നിരവധി സംഭവമുണ്ടായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പൊലീസ് വേഷത്തിൽ കുകി വിഭാഗക്കാർക്കെതിരെ വെടിവെച്ച സംഭവമുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ സുരക്ഷാ സേനക്ക് കനത്ത വെല്ലുവിളിയുയർത്തുകയാണ്.
പൊലീസിന്‍റെയും അസം റൈഫിൾസിന്‍റെയും കമാൻഡോസിന്‍റെയും യൂണിഫോമുകൾ സംഘടിപ്പിച്ച് ധരിച്ച് നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇത്തരം യൂണിഫോമുകൾ വിൽക്കുന്നത് ഒരു ബിസിനസായി തന്നെ മാറിയിട്ടുണ്ട്. ഇത് സുരക്ഷക്ക് വലിയ വെല്ലുവിളിയുയർത്തുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.