വിവാദങ്ങൾക്കൊപ്പം നടന്ന ന്യായാധിപൻ
text_fieldsരാജ്യത്തെ പരമോന്നത കോടതിയുടെ മുഖ്യപദവിയിൽനിന്ന് ദീപക് മിശ്ര പടിയിറങ്ങുന്നത് വിവാദങ്ങൾ ബാക്കിയാക്കി. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കുറ്റവിചാരണക്ക് നോട്ടീസ് നേരിട്ട പ്രഥമ ചീഫ് ജസ്റ്റിസാണ് മിശ്ര. 2017 ആഗസ്റ്റ് 18ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയതുതന്നെ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു. പിന്നാലെ വന്ന പല വിധികളും നടപടിക്രമങ്ങളും വിമർശനങ്ങൾ വിളിച്ചുവരുത്തി.
നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതിയിലെ നാലു മുതിർന്ന ന്യായാധിപന്മാർ വാർത്തസമ്മേളനം വിളിച്ച് പരസ്യവിമർശനം നടത്തിയതും കേട്ടുകേൾവിയില്ലാത്തത്. മിശ്രയുടെ കോടതിഭരണത്തോടുള്ള വിയോജിപ്പാണ് അന്ന് രാജ്യം കണ്ടത്. ജസ്റ്റിസ് ലോയയുടെ കേസ് തീരുമാനിച്ച ദിവസംതന്നെ നാല് ജഡ്ജിമാർ ചീഫ് ജസ്റ്റിസിെൻറ േപാക്ക് ശരിയല്ലെന്ന് വാർത്തസേമ്മളനം വിളിച്ച് പരസ്യമായി പറഞ്ഞു. െപാതുജനമധ്യത്തിൽ വിചാരണ ചെയ്യപ്പെട്ടിട്ടും സ്വന്തം ശൈലി മാറ്റാൻ തയാറാകാത്ത ചീഫ് ജസ്റ്റിസിനോടുള്ള വിയോജിപ്പിൽ ഒപ്പിട്ട് 70ലേറെ പാർലമെൻറ് അംഗങ്ങൾ കുറ്റവിചാരണക്ക് നോട്ടീസും നൽകി.
ബി.െജ.പി അധ്യക്ഷൻ അമിത് ഷായുടെയും പ്രധാനമന്ത്രി മോദിയുടെയും രാഷ്ട്രീയ ഭാവി ചോദ്യംചെയ്യപ്പെടാൻ ഇടയുണ്ടായിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തിെൻറ അന്വേഷണത്തിലേക്കുള്ള വാതിൽ എന്നെന്നേക്കുമായി കൊട്ടിയടക്കുംവിധം ജസ്റ്റിസ് ചന്ദ്രചൂഡിനെക്കൊണ്ട് വിധിയെഴുതിക്കാൻ മിശ്രക്ക് കഴിഞ്ഞു. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സത്യപ്പെടുത്താത്ത പ്രസ്താവനകൾ പോലും തെളിവായി സ്വീകരിച്ചായിരുന്നു അമിത് ഷായെയും ബി.ജെ.പിയെയും രക്ഷിച്ച ആ വിധി. കുറ്റവിചാരണ പ്രമേയം തള്ളിയതിനെതിരെ കേസ് നൽകിയ എം.പിമാർ പോലുമറിയാതെ തനിക്കിഷ്ടപ്പെട്ട അഞ്ചംഗ ബെഞ്ചിന് കൈമാറി ചീഫ് ജസ്റ്റിസ് ആ നിയമയുദ്ധത്തിെൻറ വഴിയടച്ചതും മറ്റൊരു വിവാദം.
താൻതന്നെ ആരോപണ വിധേയനായ അഴിമതി കേസോടെയാണ് ചരിത്രപരമോ രാഷ്ട്രീയ പ്രാധാന്യമേറിയതോ ആയ കേസുകളെല്ലാം സ്വന്തം ബെഞ്ചിലേേക്കാ ഇഷ്ടപ്പെട്ടവരിലേക്കോ മാറ്റുന്ന പ്രവണത ചീഫ് ജസ്റ്റിസ് തുടങ്ങിയത്. പ്രസാദ് മെഡിക്കൽ ട്രസ്റ്റിന് സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി ലഭിക്കാൻ ഒരു കോടി കൈക്കൂലി വാങ്ങിയ ഒഡിഷ ഹൈകോടതി ജഡ്ജി ഖുദ്ദൂസിയെ അറസ്റ്റ് ചെയ്ത കേസിൽ സുപ്രീംകോടതി േമൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട അഡ്വ. ഇന്ദിര ജയ്സിങ്ങും അഡ്വ. ദുഷ്യന്ത് ദവെയും സമീപിച്ചതാണ് എല്ലാറ്റിെൻറയും തുടക്കം. ആേരാപണം ചൂണ്ടുന്നത് ചീഫ് ജസ്റ്റിസിന് നേർക്കു കൂടി ആയതിനാലാണ് അന്നത്തെ രണ്ടാമനായ ജസ്റ്റിസ് ചെലമേശ്വർ കേസ് പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഇല്ലാത്ത മുതിർന്ന അഞ്ചംഗ ബെഞ്ചിന് കേസ് വിട്ടത്. ആ വിധി അന്ന് ഉച്ചക്കുതന്നെ പ്രത്യേക സർക്കുലറിലൂടെ അട്ടിമറിച്ച് തനിക്കിഷ്ടമുള്ള ജഡ്ജിമാരുടെ മറ്റൊരു ബെഞ്ചിലേക്ക് വിട്ട് കേട്ടുകേൾവിയില്ലാത്ത വിയോജിപ്പിൽ പിന്നെയും റെക്കോഡിട്ടു അദ്ദേഹം.
അവിടന്നിങ്ങോട്ട് പടിയിറങ്ങും വരെ ശബരിമല, ആധാർ, വിവാഹേതര ബന്ധം, ബാബരി കേസുകളിലൊക്കെ താൻ ആഗ്രഹിക്കുന്ന വിധിക്ക് അനുസൃതമായ ബെഞ്ച് രൂപപ്പെടുത്തുകയായിരുന്നു. ഇഷ്ടവിധി രൂപപ്പെടുത്താൻ സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ബെഞ്ചുകളുണ്ടാക്കുന്നു എന്ന് തൊട്ടു താെഴയുള്ള നാല് മുതിർന്ന ജഡ്ജിമാർ ജനങ്ങളോട് വിളിച്ചുപറഞ്ഞത് ശരിയാണെന്നു തെളിയിക്കുകയായിരുന്നു മിശ്ര.
ശബരിമല കേസിൽ സ്വന്തമായെഴുതിയ വിധിപ്രസ്താവം അഞ്ച് ജഡ്ജിമാരുടെ സാന്നിധ്യത്തിൽ തല ഉയർത്തിപ്പിടിച്ച് വായിച്ച ഉത്സാഹത്തിലായിരുന്നില്ല അഞ്ച് മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിനെതിരെ റൊമീള ഥാപ്പർ അടക്കമുള്ളവരുടെ ഹരജിയിലുള്ള വിധിക്കുള്ള രണ്ടാം വരവ്. ജസ്റ്റിസ് ചന്ദ്രചൂഡിെൻറ ഒരേയൊരു വിധി മാത്രമാണ് ഉള്ളതെന്ന് തലേന്ന് അറിയിച്ച കേസിൽ അന്ന് രാവിലെ വിധി വായിച്ചത് ജസ്റ്റിസ് എ.എം. ഖാൻവിൽകർ. കേസിൽ പ്രേത്യകാന്വേഷണം വേണ്ടെന്ന വിധിയിൽ ബി.ജെ.പിയുടെ വിജയം ആഘോഷിച്ച് അമിത് ഷാ തന്നെ നേരിട്ട് പ്രസ്താവനയിറക്കി.
തലേ ദിവസവും തല താഴ്ത്തിയിരുന്ന് വിധി കേട്ട ചീഫ് ജസ്റ്റിസിനെയാണ് സുപ്രീംകോടതി കണ്ടത്. ബി.ജെ.പിയുടെ അഭിമാന പ്രശ്നമായ ബാബരി കേസിലെ അനുബന്ധ അപേക്ഷയിലെ വിധിയായിരുന്നു അത്. അന്ന് രാവിലെ വിവാഹേതര ലൈംഗിക ബന്ധത്തിലേർപ്പെടുന്ന പുരുഷനെ മാത്രം ശിക്ഷിക്കുന്ന 497ാം വകുപ്പ് റദ്ദാക്കാൻ ആവേശപൂർവം വിധി വായിച്ച ചീഫ് ജസ്റ്റിസേ ആയിരുന്നില്ല ആ സമയത്ത്. വിവാദവിഷയങ്ങളിലെ ഭൂരിപക്ഷ വിധി സഹ ജഡ്ജിയെക്കൊണ്ട് വായിപ്പിക്കുകയെന്ന രീതി ബാബരി കേസിലും തെറ്റിച്ചില്ല.
ബാബരിയുമായി ബന്ധപ്പെട്ട അതിനിർണായകമായ മുൻ സുപ്രീംകോടതി വിധി ഏഴംഗ ബെഞ്ചിന് വിടരുതെന്ന മോദി സർക്കാറിെൻറയും സംഘ്പരിവാറിെൻറയും ആവശ്യം അംഗീകരിച്ച് ജസ്റ്റിസ് അരുൺ മിശ്ര വിധി വായിച്ചു. രാമക്ഷേത്രത്തിലേക്ക് പൊതുബോധത്തെ പാകപ്പെടുത്തുന്ന ചരിത്രത്തെയും വസ്തുതകളെയും സെലക്ടിവായി സമീപിച്ച ഏകപക്ഷീയ വിധിക്കായിരുന്നു ചീഫ് ജസ്റ്റിസിെൻറ മേലൊപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.