സെക്യൂരിറ്റിയെ വിളിക്കൂ...ഇദ്ദേഹത്തെ പുറത്താക്കൂ; നീറ്റ് ഹരജി പരിഗണിക്കവെ അഭിഭാഷകനെതിരെ രോഷം കൊണ്ട് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും മുതിർന്ന അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയും തമ്മിലുള്ള ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് വേദിയായി സുപ്രീംകോടതി. നീറ്റ് യു.ജി ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അഭിഭാഷകനെ പുറത്താക്കാൻ സെക്യൂരിറ്റിയെ വിളിക്കാൻ ആവശ്യപ്പെട്ടത്. മറ്റൊരു അഭിഭാഷകൻ വാദം നടത്തുമ്പോൾ മാത്യൂസ് നെടുമ്പാറ ഇടപെട്ടതാണ് ചീഫ് ജസ്റ്റിസിനെ പ്രകോപിപ്പിച്ചത്.
ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നരേന്ദ്രഹൂഡയെ തടസ്സപ്പെടുത്തരുതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. തനിക്ക് ഒരുകാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് നെടുമ്പാറ ഇടയിൽ കയറി സംസാരിക്കുകയായിരുന്നു. എന്നാൽ ഹൂഡ വാദം പൂർത്തിയാക്കിയതിനു ശേഷം സംസാരിക്കാമെന്ന് ചന്ദ്രചൂഡ് നിർദേശിച്ചു. എന്നാൽ കോടതിയിൽ താനാണ് ഏറ്റവും മുതിർന്ന അഭിഭാഷകനെന്ന് നെടുമ്പാറ മറുപടി നൽകി. അഭിഭാഷകന്റെ പെരുമാറ്റത്തിൽ രോഷംകൊണ്ട ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി. കോടതിയുടെ ചുമതല തനിക്കാണെന്നും ഓർമപ്പെടുത്തി. തുടർന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വിളിക്കാനും നെടുമ്പാറയെ പുറത്താക്കാനും ആവശ്യപ്പെട്ടു.
എന്നാൽ താൻ പുറത്തുപോകേണ്ട ആവശ്യമില്ലെന്നായിരുന്നു നെടുമ്പാറയുടെ മറുപടി. അങ്ങനെ പറയരുതെന്നും ഉറപ്പായും കോടതി മുറിയിൽ നിന്ന് പോകണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. 24 വർഷമായി താൻ ജുഡീഷ്യറിയിലുണ്ടെന്നും കോടതി നടപടികൾ തടസ്സപ്പെടുത്തുന്ന ഒരു അഭിഭാഷകനെ ഇവിടെ നിർത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം തുടർന്നു. 1979 മുതൽ താൻ ജുഡീഷ്യറി കാണുന്നുണ്ടെന്ന് നെടുമ്പാറ മറുപടി നൽകി.
ഇതാദ്യമായല്ല നെടുമ്പാറയും ചന്ദ്രചൂഡും തമ്മിൽ വാഗ്വാദം നടക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ തനിക്കെതിരെ ആക്രോശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകന് താക്കീത് നൽകിയിരുന്നു. ''എന്നോട് ആക്രോശിക്കരുത്, താങ്കൾ പാർക്കിലല്ല, കോടതി മുറിയിലാണുള്ളത് എന്ന ഓർമ വേണം. താങ്കൾക്ക് പരാതി നൽകാനുണ്ടെങ്കിൽ അതുമായി മുന്നോട്ട് പോകാം. ചീഫ് ജസ്റ്റിസ് എന്ന നിലയിൽ എന്റെ വാക്കുകൾ കേൾക്കണം. വിധിക്കെതിരെ അപേക്ഷ നൽകുന്നുണ്ടെങ്കിൽ അത് ഇമെയിൽ വഴി നൽകാം. അതാണ് കോടതിയുടെ നിയമം.''-എന്നാണ് അന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഇലക്ടറൽ ബോണ്ടിനെതിരായ ഹരജികളിൽ വാദം കേൾക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ബോണ്ടിൽ സുപ്രീംകോടതി വിധിക്കെതിരെ നെടുമ്പാറ രംഗത്തുവന്നപ്പോഴായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.