വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സഹാനുഭൂതിയില്ലാത്തത് വിവേചനത്തിനിടയാക്കുന്നു -ഡി.വൈ. ചന്ദ്രചൂഡ്
text_fieldsഹൈദരാബാദ്: പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ആത്മഹത്യകൾ പതിവായിരിക്കുകയാണെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഹൈദരാബാദിൽ നാഷനൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആന്റ് റിസർച്ചിലെ കോൺവൊക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾ അവരുടെ ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതരാക്കപ്പെടുന്ന വിധം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എവിടെയാണ് തെറ്റുപറ്റുന്നതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. പാർശ്വവത്കൃത സമൂഹത്തിലെ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ സാധാരണമായിരിക്കുകയാണ്.-അദ്ദേഹം പറഞ്ഞു. ബോംബെ ഐ.ഐ.ടിയിലെ ദലിത് വിദ്യാർഥി ദർശൻ സോളങ്കി ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടി മരിച്ചത് പരാമർശിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. ഒഡിഷ നാഷനൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസിൽ കഴിഞ്ഞ വർഷം ദലിത് വിദ്യാർഥി ആത്മഹത്യ ചെയ്തതും അദ്ദേഹം ഓർമിപ്പിച്ചു.
‘ഈ എണ്ണങ്ങൾ വെറും കണക്കുകളല്ല. അവർ ചിലപ്പോൾ നൂറ്റാണ്ടുകളുടെ കഷ്ടപ്പാടിന്റെ കഥകളുള്ളവരായിരിക്കും. ഈ പ്രശ്നം പരിഹരിക്കണമെങ്കിൽ ആദ്യം പ്രശ്നമെന്താണെന്ന് തിരിച്ചറിയുകയും അത് അംഗീകരിക്കുകയുമാണ് വേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നു. വിവേചനത്തിന് ഇടവരുത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സഹാനുഭൂതിയില്ലാത്തതിനാലാണ്. അതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എടുക്കേണ്ട ആദ്യ പടി കുട്ടികളിൽ സഹാനുഭൂതി വളർത്തുക എന്നതാണ്. -ചന്ദ്ര ചൂഡ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ജഡ്ജിമാർക്ക്, സാമൂഹിക മാറ്റത്തിനായി കോടതിക്ക് അകത്തും പുറത്തുമുള്ള സമൂഹവുമായി ചർച്ചകൾ നടത്തുന്നതിൽ നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.