ജസ്റ്റിസ് യു.യു. ലളിത് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: പ്രമാദമായ നിരവധി കേസുകളിൽ ക്രിമിനൽ വക്കീലായിരുന്ന ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. 49ാമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ലളിതിനെ നിയമിക്കാനുള്ള ശിപാർശ ചീഫ് ജസ്റ്റിസ് എൻ.വി. രമണ കേന്ദ്ര നിയമമന്ത്രാലയത്തിനു മുമ്പാകെ നിർദേശിച്ചു. ആഗസ്റ്റ് 26ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ കാലാവധി അവസാനിക്കുമ്പോൾ അധികാരമേൽക്കുന്ന ജസ്റ്റിസ് യു.യു. ലളിത് 74 ദിവസത്തിനുശേഷം നവംബർ എട്ടിന് വിരമിക്കും.
കഴിഞ്ഞ വർഷം ഏപ്രിലിൽ എസ്.എ. ബോബ്ഡെയുടെ പിൻഗാമിയായി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ രമണ 16 മാസത്തിനുശേഷമാണ് വിരമിക്കുന്നത്. ലളിതിനു പിന്നാലെ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വൈ.വൈ. ചന്ദ്രചൂഡിന്‍റെ മകൻ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പരമോന്നത ന്യായാധിപ പദവിയിലെത്തും.
സുപ്രീംകോടതി ബാറിൽനിന്ന് നേരിട്ട് ജഡ്ജിയായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ് ലളിത്. ഡൽഹി ബാറിൽനിന്ന് ഡൽഹി ഹൈകോടതി ജഡ്ജിയായി ഉയർത്തപ്പെട്ട ജസ്റ്റിസ് യു.ആർ. ലളിതിന്‍റെ മകനായി 1957ൽ മഹാരാഷ്ട്രയിലാണ് ജനനം. ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം 1983ൽ ബോംബെ ഹൈകോടതിയിൽ അഭിഭാഷകവൃത്തി തുടങ്ങി. 1986ൽ സുപ്രീംകോടതിയിലേക്കു വരുകയും 2004ൽ മുതിർന്ന അഭിഭാഷക പദവി ലഭിക്കുകയും ചെയ്തു. 10 വർഷം കഴിഞ്ഞ് ജഡ്ജിയായി മാറി.
ബാബരി മസ്ജിദ് ധ്വംസനം, വ്യാജ ഏറ്റുമുട്ടൽ തുടങ്ങി പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗം ക്രിമിനൽ വക്കീലായിരുന്ന ലളിത്, നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയശേഷം കൊളീജിയം നടത്തിയ ആദ്യ ജഡ്ജി നിയമന ശിപാർശയിലൂടെയാണ് 2014 ആഗസ്റ്റ് 13ന് സുപ്രീംകോടതി ജഡ്ജിയാകുന്നത്. തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ബാബരി മസ്ജിദ് തകർത്ത കേസിൽ മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ്ങിന്‍റെയും അഭിഭാഷകനായിരുന്നു ലളിത്. ബാബരി ഭൂമി കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസ് ലളിത് വാദം കേൾക്കാനിരുന്നപ്പോൾ സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് അദ്ദേഹം പിന്മാറി.
ആശാറാം ബാപ്പു കേസ് അടക്കം അഭിഭാഷകനായ കാരണത്താൽ ജസ്റ്റിസ് ലളിത് പിന്മാറിയ കേസുകൾ നിരവധിയാണ്. അഞ്ചിൽ മൂന്നു ജഡ്ജിമാരുടെ പിന്തുണയോടെ മുസ്ലിംകൾക്കിടയിലെ മുത്തലാഖ് നിരോധിച്ച ബെഞ്ചിൽ ലളിതുമുണ്ടായിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗം വസ്ത്രത്തിനുമേൽ സ്പർശിക്കുന്നത്ലൈംഗികാതിക്രമം അല്ല എന്ന മുംബൈ ഹൈകോടതി വിധി റദ്ദാക്കിയത് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചാണ്. ദേശീയ നിയമ സേവന അതോറിറ്റി (നൽസ)യുടെ ചെയർപേഴ്സനാണ് ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.