പാർട്ടി ജനറൽ സെക്രട്ടറിയെന്ന അവകാശവാദം; വി.കെ. ശശികലക്കെതിരെ പരാതി നൽകി എ.ഐ.എ.ഡി.എം.കെ
text_fieldsചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴി വി.കെ. ശശികലക്കെതിരെ പരാതി നൽകി എ.ഐ.എ.ഡി.എം.കെ. നാലുവർഷം മുമ്പ് താൽകാലിക ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ശശികലയെ മാറ്റിയതാണെന്നും എന്നാൽ ഇപ്പോഴും ജനറൽ സെക്രട്ടറിയാണെന്ന് അവകാശപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
പാർട്ടി ഓർഗനൈസേഷനൽ സെക്രട്ടറി ഡി. ജയകുമാറാണ് മാമ്പളം െപാലീസിൽ പരാതി നൽകിയത്. ഐ.പി.സി വകുപ്പുകളായ 153എ, 419, 505 ബി എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
ഒക്ടോബർ 17ന് ശശികല അണ്ണാ ഡി.എം.കെയുടെ കൊടി വെച്ച കാറിലെത്തി എം.ജി.ആർ, ജയലളിത സമാധികളിൽ ആദരാജ്ഞലിയർപിക്കുകയും പാർട്ടി സുവർണ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് ചെന്നൈ രാമപുരത്തെ എം.ജി.ആറിെൻറ വസതിയിൽ നടന്ന ചടങ്ങിൽ അണ്ണാ ഡി.എം.കെ പതാക ഉയർത്തുകയും ചെയ്തിരുന്നു. ചടങ്ങിൽ അനാഛാദനം ചെയ്യപ്പെട്ട ശിലാഫലകത്തിൽ ശശികലയെ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയെന്ന് വിശേഷിപ്പിച്ചിരുന്നതും വിവാദമായിരുന്നു. പാർട്ടിയുമായി ശശികലക്ക് യാതൊരു ബന്ധവുമില്ലെന്ന് സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമീഷനും വ്യക്തമാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
'എ.ഐ.എ.ഡി.എം.കെയുമായി ബന്ധപ്പെട്ട എല്ലാ അവകാശവാദങ്ങളും സുപ്രീംകോടതിയിൽ വരെ പരാജയപ്പെട്ടതോടെ ശശികല അറിഞ്ഞുകൊണ്ട് നിയമം കൈയിലെടുത്ത് പാർട്ടി ജനറൽ സെക്രട്ടറിയാണെന്ന് അവകാശപ്പെടുകയും ആശയകുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു' -ജയകുമാറിന്‍റെ പരാതിയിൽ പറയുന്നു. ശശികലക്ക് എ.ഐ.എ.ഡി.എം.കെയുടെ പ്രാഥമിക അംഗത്വം പോലുമില്ല. എന്നാൽ പാർട്ടി പതാക ഉപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് നേരത്തേ പരാതി നൽകിയിരുന്നതായും ജയകുമാർ പറയുന്നു.
അണ്ണാ ഡി.എം.കെയുമായി വി.കെ ശശികലക്ക് യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി ജോ. കോ ഒാഡിനേറ്ററും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച ഗവർണർ ആർ.എൻ രവിയെ സന്ദർശിച്ചതിനുശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശികലയെയും അവരുടെ പ്രവർത്തനങ്ങളെയും ഗൗരവമായി കാണുന്നില്ല. കോടതിയും തെരഞ്ഞെടുപ്പ് കമീഷനും തങ്ങൾ നയിക്കുന്നതാണ് യഥാർഥ അണ്ണാ ഡി.എം.കെയെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ശശികല നിലവിൽ അണ്ണാ ഡി.എം.കെയിൽ അംഗമല്ല. ശശികലയുടെ ചില നടപടികളെ മാധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണ്. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.