ഉദയ്പുർ കൊട്ടാരത്തിൽ കുടുംബ കലഹം, തെരുവിൽ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്
text_fieldsജയ്പുർ: രാജസ്ഥാനിലെ ഉദയ്പുർ കൊട്ടാരത്തിലേക്ക് ബി.ജെ.പി എം.എൽ.എ വിശ്വരാജ് സിങ് മേവാറിനും അനുയായികൾക്കും പ്രവേശനം നിഷേധിച്ചതോടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വിശ്വരാജിന്റെ അമ്മാവൻ അരവിന്ദ് സിങ് മേവാറും അദ്ദേഹത്തിന്റെ മകൻ ലക്ഷയ് രാജ് സിങ്ങും നേതൃത്വം നൽകുന്ന ട്രസ്റ്റിനാണ് നിലവിൽ കൊട്ടാരത്തിന്റെ മേൽനോട്ടം. തിങ്കളാഴ്ച രാത്രി പത്ത് മണിക്കു ശേഷമാണ് സംഘർഷം രൂക്ഷമായത്. വിശ്വരാജിന്റെ അനുയായികൾ ഗേറ്റിനു പുറത്തുനിന്നും ലക്ഷയ് രാജ് സിങ്ങിന്റെ ആളുകൾ അകത്തുനിന്ന് പുറത്തേക്കും കല്ലേറു നടത്തി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
മേവാർ കുടുംബത്തിലെ 77-ാമത്തെ മഹാറാണയായി വിശ്വരാജ് സിങ് മേവാറിന്റെ കിരീടധാരണത്തിന് ശേഷമാണ് സംഘർഷമുണ്ടായത്. വിശ്വരാജിന്റെ പിതാവ് മഹേന്ദ്ര സിങ് അന്തരിച്ച് 12 ദിവസങ്ങൾക്ക് ശേഷമാണ് ചരിത്രപ്രസിദ്ധമായ ചിത്തോർഗഡ് കോട്ടയിൽ പരമ്പരാഗത കിരീടധാരണ ചടങ്ങ് നടന്നത്. വിശ്വരാജുമായി അകന്നു കഴിയുന്ന ഇളയ സഹോദരൻ അരവിന്ദ് സിങ് മേവാറിന്റെ എതിർപ്പ് നിലനിൽക്കെയാണ് കിരീടധാരണം നടന്നത്. ആചാരങ്ങളുടെ ഭാഗമായി കൊട്ടാരത്തിനകത്തെ ഏകലിംഗനാഥ് ക്ഷേത്രം സന്ദർശിക്കാൻ എത്തിയപ്പോഴാണ് വിശ്വരാജിനെയും അനുയായികളെയും ഗേറ്റിന് പുറത്ത് തടഞ്ഞത്.
ഞായറാഴ്ച വിശ്വരാജ് ട്രസ്റ്റിൽ അംഗമല്ലെന്നും, സുരക്ഷാ കാരണങ്ങളാൽ തിങ്കളാഴ്ച ചുമതലപ്പെട്ടവർക്കല്ലാതെ കൊട്ടാരത്തിലേക്ക് പ്രവേശനമില്ലെന്നും ട്രസ്റ്റ് നോട്ടീസ് പുറത്തിറക്കിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഗേറ്റിനു പുറത്ത് പൊലീസ് ബാരിക്കേഡ് വെച്ചിരുന്നു. ഇത് മറികടക്കാൻ വിശ്വരാജിന്റെ അനുയായികൾ ശ്രമിച്ചതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്. മണിക്കൂറുകളായി വിശ്വരാജ് അനുയായികൾക്കൊപ്പം സ്ഥലത്ത് തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായി ജില്ലാ ഭരണകൂടം ഇടപെടാൻ തീരുമാനിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.