കോവിഡ് ഭീതി: വിട്ടയക്കണമെന്ന് തടവുകാർ; കൊൽക്കത്ത ജയിലിൽ സംഘർഷം
text_fieldsകൊൽക്കത്ത: കോവിഡ് 19 വൈറസ് ഭീതി രാജ്യത്ത് നിലനിൽക്കവേ കൊൽക്കത്തയിലെ ദംദം ജയിലിൽ സംഘർഷം. തടവുകാരും പൊലീസ ുകാരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. ജാമ്യം തന്ന് വീട്ടിൽ പോകാൻ അനുവദിക്കണമെന്ന തടവുകാരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് അവർ പ്രകോപിതരായതെന്ന് അധികൃതർ അറിയിച്ചു. തടവുകാരെ ശമിപ്പ ിക്കാൻ ജയിലിനകത്തേക്ക് കയറിയ പൊലീസുകാരെ ആക്രമിച്ചെന്നും തുടർന്ന് പൊലീസുകാർ കണ്ണീർ വാതക ശെല്ലുകളടക്കം പ്രയോഗിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസ് ബാധയേൽക്കാനുള്ള സാഹചര്യം ഇല്ലാതാക്കാൻ തടവുകാർക്ക് കുടുംബങ്ങളെ കാണാൻ അനുവദിക്കുന്നത് വെള്ളിയാഴ്ച മുതൽ നിർത്തിയിരുന്നു. കുടംബാംഗങ്ങളെ നേരിട്ട് കാണാൻ സൗകര്യമൊരുക്കാറുള്ള ഇടവും മാർച്ച് 31 വരെ അടച്ചിരിക്കുകയാണ്, ഇതാണ് തടവുകാരെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. കോവിഡ് ഭയത്തെ തുടർന്ന് തങ്ങളെ ജാമ്യംനൽകി വിട്ടയക്കണമെന്ന് തടവുകാർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്നും പശ്ചിമ ബംഗാൾ ജയിൽ മന്ത്രി ഉജ്ജ്വൽ ബിശ്വാസ് പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്, നിരവധി പൊലീസുകാർ ജയിൽ വളപ്പിൽ സുരക്ഷക്കായി അണിനിരന്നിട്ടുണ്ട്. ബരാക്പോർ പൊലീസ് സ്റ്റേഷനിൽ നിന്ന് 400ഓളം പൊലീസുകാരെയും 150 റാപിഡ് ആക്ഷൻ ഫോഴ്സിനെയും സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
‘തടവുകാർ ജയിൽ ജീവനക്കാരെ കല്ലുകൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. ജയിലിനുള്ളിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് കൂടുതൽ സേനയെ വിന്യസിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ജീവനക്കാരിലൊരാൾ ‘ദ വയർ’നോട് പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രിക്കാനും തടവുകാരെ അനുനയിപ്പിക്കാനും മന്ത്രി ഉജ്ജ്വൽ ബിശ്വാസും മുതിർന്ന വകുപ്പ് ഉദ്യോഗസ്ഥരും ജയിലിൽ എത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.