മുംബൈ-ഹൈദരാബാദ് ഐ.പി.എൽ മത്സരത്തിനിടെ സംഘർഷം; പരിക്കേറ്റയാൾ മരിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരിൽ മാർച്ച് 27ന് നടന്ന മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്സ് ഹൈദരാബാദ് ഐ.പി.എൽ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. ഹൻമന്ത്വാഡി സ്വദേശി ബന്ദോപന്ത് തിബിലി (63) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
വാശിയേറിയ മുംബൈ-ഹൈദരാബാദ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 277 റൺസ് അടിച്ച് റെക്കോഡിട്ടിരുന്നു. മരിച്ച തിബിലി ചെന്നൈ സൂപ്പർ കിങ്സിന്‍റെ ആരാധകനായിരുന്നു. മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മ 26 റൺസെടുത്ത് പുറത്തയപ്പോൾ തിബിലെ മുംബൈയെ വിജയിക്കുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. ചെന്നൈയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. ഇതോടെ മുംബൈ ആരാധകരായ ബൽവന്ത് മഹാദേവ് ജാൻജ്‌ഗെ, സാഗർ സദാശിവ് ജാൻജ്‌ഗെ എന്നിവർ തിബിലിയുമായി തർക്കത്തിലായി. മദ്യലഹരിയിലായിരുന്ന ഇരുവരും തിബിലിയെ മർദിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ തിബിലിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടു ദിവസത്തെ ചികിത്സക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ വ്യക്തി വൈരാഗ്യമില്ലെന്നും മത്സരത്തിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.