കശ്മീരിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ; ആറ് തീവ്രവാദികളെ വധിച്ചു
text_fieldsശ്രീനഗർ/രജൗറി: ജമ്മു-കശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന വെടിവെപ്പിൽ സുരക്ഷാസേന ആറ് തീവ്രവാദികളെ വധിച്ചു. കുൽഗാം ജില്ലയിൽ 18 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ അഞ്ചുപേരും രജൗറി ജില്ലയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. ലഷ്‌കറെ ത്വയ്യിബ തീവ്രവാദികളാണ് കൊല്ലപ്പെട്ടവരെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
കുൽഗാമിലെ നെഹാമ മേഖലയിലെ സാംനോയിൽ തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാസേന വ്യാഴാഴ്ച തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ, തീവ്രവാദികൾ വെടിയുതിർത്തതോടെ ഏറ്റുമുട്ടലായി മാറുകയായിരുന്നുവെന്ന് കശ്മീർ സോൺ ഇൻസ്പെക്ടർ ജനറൽ വി.കെ. ബിർഡി വാർത്ത ഏജൻസിയോട് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ച, വെടിവെപ്പിൽ തീവ്രവാദികൾ ഒളിച്ചിരുന്ന വീടിന് തീപിടിച്ചതിനാൽ ഇവർ പുറത്തിറങ്ങാൻ നിർബന്ധിതരായി. തുടർന്നാണ് സൈന്യം വധിച്ചത്.
സമീർ അഹ്മദ് ശൈഖ്, യാസിർ ബിലാൽ ഭട്ട്, ഡാനിഷ് അഹ്മദ് തോക്കർ, ഹൻസുല്ല യാക്കൂബ് ഷാ, ഉബൈദ് അഹ്മദ് പാഡർ എന്നിവരാണ് കൊല്ലപ്പെട്ടത്. സമീർ അഹ്മദ് ശൈഖ് 2021ൽ തീവ്രവാദി സംഘടനയിൽ അംഗമായതാണ്. മറ്റുള്ളവർ കഴിഞ്ഞ വർഷവും ഈ വർഷവും സംഘടനയിൽ ചേർന്നതാണ്. മൃതദേഹങ്ങൾ ഡ്രോൺ ദൃശ്യങ്ങളിലൂടെ കണ്ടെത്തി. നിരവധി ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
രജൗറിയിൽ ഗുല്ലർ-ബെഹ്‌റോട്ട് ഏരിയയിൽ, തീവ്രവാദികൾ ഒളിവിൽ കഴിയുന്നതായ വിവരത്തെത്തുടർന്ന് സുരക്ഷാസേനയുടെ തിരച്ചിലിനിടെ വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം തകർക്കുന്നതിനിടെ സൈന്യം രണ്ട് തീവ്രവാദികളെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.