മദ്റസ ബുൾഡോസറുമായെത്തി പൊളിച്ചു നീക്കി; ഉത്തരാഖണ്ഡിൽ വൻ സംഘർഷം
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ പൊളിച്ചുനീക്കിയിതിനെ തുടർന്ന് വൻ സംഘർഷം. സർക്കാർ ഭൂമി കൈയേറി അനധികൃതമായി നിർമിച്ചതെന്നാരോപിച്ച് മുനിസിപ്പൽ കോർപറേഷൻ അധികൃതരാണ് മദ്റസ കെട്ടിടം പൊളിച്ചത്. പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചെതിനെ തുടർന്നുണ്ടായ സംഘർഷം ആളിക്കത്തി.
ബൻഭുൽപുര പൊലീസ് സ്റ്റേഷൻ വളഞ്ഞ് കല്ലേറ് നടത്തി. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. ട്രാൻസ്ഫോമറിന് തീയിട്ടതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി. സംഭവസ്ഥലത്ത് ജില്ല മജിസ്ട്രേറ്റ് കർഫ്യൂ പ്രഖ്യാപിച്ചു. ആക്രമണം നടത്തുന്നവരെ വെടിവെക്കാനും ഉത്തരവിട്ടു. വെള്ളിയാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഏതാനും ദിവസങ്ങളായി കോർപറേഷന്റെ നേതൃത്വത്തിൽ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കൽ നടക്കുന്നുണ്ട്. കൈയേറിയ മൂന്ന് ഏക്കർ തിരിച്ചുപിടിച്ചിരുന്നതായും മദ്റസ കെട്ടിടം പൂട്ടി സീൽ ചെയ്തിരുന്നതായും മുനിസിപ്പൽ കമീഷണർ പങ്കജ് ഉപാധ്യായ് പറഞ്ഞു.
ഫെബ്രുവരി ഒന്നിന് മുമ്പ് ഒഴിയണമെന്ന് നോട്ടീസ് നൽകി. പൊളിക്കൽ ഒഴിവാക്കണമെന്ന് മത, രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ വഴങ്ങിയില്ല. പ്രദേശവാസികൾ നമസ്കാരത്തിനുകൂടി ഉപയോഗിച്ചിരുന്ന കെട്ടിടം വ്യാഴാഴ്ച ബുൾഡോസറുമായെത്തി തകർക്കുകയായിരുന്നു.
ബുൾഡോസറിന് തീയിട്ട പ്രതിഷേധക്കാർ പൊലീസിനും മാധ്യമപ്രവർത്തകർക്കും നേരെ കല്ലെറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. ആളുകളെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി ആളുകൾ സമാധാനം പാലിക്കണമെന്ന് അഭ്യർഥിച്ചു.
മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ഹൽദ്വാനിയിൽ റെയിൽവേ ഭൂമിയിലെ നാലായിരത്തോളം വീടുകൾ പൊളിച്ചുമാറ്റണമെന്ന ഹൈകോടതി ഉത്തരവും പ്രതിഷേധത്തിന് കാരണമായിരുന്നു. ഉത്തരവ് പിന്നീട് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.