ജോധ്പൂരിലെ സംഘർഷം; നിരവധി പേർക്ക് പരിക്ക്, വിവിധയിടങ്ങളിൽ ബുധനാഴ്ച അർധരാത്രി വരെ കർഫ്യൂ
text_fieldsജയ്പൂർ: ഈദ് ആഘോഷങ്ങൾക്കിടെ രാജസ്ഥാനിലെ ജോധ്പുരിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. അനവധി വാഹനങ്ങളും തകർത്തു. തിങ്കളാഴ്ച അർധരാത്രിക്കുശേഷമാണ് ജോധ്പുരിലെ ജലോരി ഗേറ്റ് പ്രദേശത്ത് ഇരുവിഭാഗം ഏറ്റുമുട്ടിയത്. തുടർന്നുണ്ടായ കല്ലേറിലാണ് അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്.
ചെറിയ പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ബലമുകുന്ദ് ബിസ്സ സർക്കിളിൽ മതപരമായ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കല്ലേറിലും സംഘർഷത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരശുറാം ജയന്തിയോടനുബന്ധിച്ച് ഉയർത്തിയ കാവി കാണുന്നില്ലെന്നാരോപിച്ചാണ് ഒരു വിഭാഗം ജലോരി ഗേറ്റ് പ്രദേശത്ത് കല്ലേറു നടത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. വൻ പൊലീസ് സേന കുതിച്ചെത്തി ലാത്തിച്ചാർജ് നടത്തിയെങ്കിലും സംഘർഷത്തിന് അയവുണ്ടായില്ല. തുടർന്ന് കണ്ണീർവാതകം ഉൾപ്പെടെ പ്രയോഗിച്ചാണ് പ്രദേശം പുലർച്ചയോടെ പൊലീസ് നിയന്ത്രണത്തിലാക്കിയത്.
എന്നാൽ, ചൊവ്വാഴ്ച രാവിലെ വീണ്ടും സംഘർഷം തുടർന്നു. ഇതോടെ, ജോധ്പുരിലെ ഇന്റർനെറ്റ് ബന്ധം സർക്കാർ താൽക്കാലികമായി വിച്ഛേദിച്ചു. നഗരത്തിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് മുൻകരുതൽ എന്ന നിലയിൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചതെന്ന് അധികൃതർ അറിയിച്ചു. അതോടൊപ്പം ബുധനാഴ്ച അർധരാത്രി വരെ ജോധ്പുരിലെ പത്ത് പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘർഷം വ്യാപിക്കാതിരിക്കാൻ ആഭ്യന്തര മന്ത്രി രാജേന്ദ്ര യാദവ്, ജോധ്പുരിന്റെ ചുമതലയുള്ള മന്ത്രി സുഭാഷ് ഗാർഗ്, ആഭ്യന്തര വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറി അഭയ് കുമാർ തുടങ്ങിയവരോട് സംഘർഷ മേഖലകളിൽ ഹെലികോപ്ടറിൽ സന്ദർശനം നടത്താൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് നിർദേശിച്ചു. അടിയന്തര സാഹചര്യത്തിൽ ഉന്നതലയോഗം ചേർന്ന് തുടർനടപടികൾക്ക് അദ്ദേഹം നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് അത്യന്തം നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാരമ്പര്യത്തെ ബഹുമാനിക്കുമ്പോഴും ക്രമസമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്നും സമാധാനം പാലിക്കണമെന്ന് അപേക്ഷിക്കുകയാണെന്നും ഗെഹ് ലോട്ട് ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.