കർണാടകയിലെ കെരൂറിൽ സമുദായ സംഘർഷം; വെള്ളിയാഴ്ച വരെ നിരോധനാജ്ഞ
text_fieldsബംഗളൂരു: കർണാടകയിലെ കെരൂറിൽ കഴിഞ്ഞ ദിവസമുണ്ടായ സമുദായ സംഘർഷത്തെ തുടർന്ന് ബുധനാഴ്ച അർധരാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ പ്രദേശത്ത് ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു. ഇന്ന് സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി.
ബുധനാഴ്ച വൈകീട്ടാണ് കെരൂറിൽ രണ്ടു സമുദായങ്ങൾ തമ്മിൽ തർക്കമുണ്ടായത്. കെരൂർ ടൗണിലെ ബസ്സ്റ്റാൻഡിലുണ്ടായ സംഘർഷത്തിനിടെ മൂന്ന് പേർക്ക് കുത്തേറ്റു. ലക്ഷ്മൺ കട്ടിമണി, അരുൺ കട്ടിമണി, യമനുർ ചുൻഗിൻ എന്നിവർക്കാണ് കുത്തേറ്റത്. എല്ലാവരും കെരൂർ സ്വദേശികളാണ്.
നിരവധി പേർക്ക് പരിക്കുകളുണ്ട്. അഞ്ച് ഷോപ്പുകളും പഴക്കച്ചവടക്കാരുടെ 10 ഉന്തുവണ്ടികളും നിരവധി ഇരുചക്രവാഹനങ്ങളും തീയിട്ടു നശിപ്പിച്ചു.
കെരൂറിലെ ബാഗൽകോട്ടിലാണ് സംഭവം. സ്ത്രീകളെ അപമാനിച്ചുവെന്ന് ഇരു സമുദായങ്ങളും പരസ്പരം ആരോപിച്ചാണ് തർക്കം തുടങ്ങിയത്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബസ്സ്റ്റാൻഡിൽ പെൺകുട്ടിയോട് ഒരു കൂട്ടം ആളുകൾ അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ തടർന്ന് ഹൊബ്ബല്ലി -സൊലാപൂർ ദേശീയപാതയിൽ ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു. എസ്.പി ജയപ്രകാശ് സംഭവസ്ഥലത്തെത്തി കെരൂർ പൊലീസ് സ്റ്റേഷനിൽ യോഗം ചേർന്നു. നിലവിൽ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.