ജെ.എൻ.യുവിൽ സീറ്റ് വെട്ടിക്കുറക്കൽ; വിദ്യാർഥികൾ യു.ജി.സി ഉപരോധിച്ചു
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എം.ഫിൽ, പിഎച്ച്.ഡി മേഖലയിൽ 84 ശതമാനം സീറ്റുകൾ വെട്ടിക്കുറച്ച നടപടികൾക്കെതിരെ പ്രക്ഷോഭം ശക്തമായി. വെള്ളിഴാഴ്ച ജെ.എൻ.യു യൂനിയെൻറ നേതൃത്വത്തിൽ വിദ്യാർഥികൾ യു.ജി.സി ഒാഫിസും ദേശീയപാതയും ഉപരോധിച്ചു. ദിവസങ്ങളായി സർവകലാശാലയിൽ നടന്നുവരുന്ന സമരം യു.ജി.സിയുടെ മുന്നിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. വിദ്യാർഥികളുടെയും അധ്യാപകരുടെയും മുറവിളി അവഗണിച്ചാണ് ചൊവ്വാഴ്ച 1000ത്തിലേറെ സീറ്റുകൾ വെട്ടിക്കുറച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ യു.ജ.സിക്കുമുന്നിൽ സമരംചെയ്തവരോട് പൊലീസ് മോശമായി പെരുമാറിയതോെടയാണ് റോഡ് ഉപരോധത്തിലേക്ക് വിദ്യാർഥികൾ തിരിഞ്ഞത്. യു.ജി.സിക്കെതിരെയും ജെ.എൻ.യു വൈസ് ചാൻസലർക്കെതിരെയും മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾ മണിക്കൂറുകൾ റോഡിൽ കുത്തിയിരുന്നു.
യു.ജി.സി മാർഗനിർദേശങ്ങളനുസരിച്ച് സീറ്റുകൾ വെട്ടിക്കുറക്കാൻ ഡൽഹി ഹൈകോടതി അനുമതിനൽകിയെങ്കിലും അധ്യാപകരും വിദ്യാർഥികളും നടപ്പാക്കരുതെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്രസർക്കാറിെൻറ വിദ്യാഭ്യാസനയം പിന്തുടരാനാണ് സംഘ് നോമിനിയായി വന്ന വൈസ് ചാൻസലർ തീരുമാനിച്ചതെന്ന് വിദ്യാർഥികൾ ആരോപിച്ചു.
പുതിയ തീരുമാന പ്രകാരം സോേഷ്യാളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇന്ത്യൻ ലാംേഗ്വജസ് തുടങ്ങി നിരവധി കോഴ്സുകളിലേക്ക് ഗവേഷണത്തിന് ഇൗ വർഷം പ്രവേശനമുണ്ടാവില്ല. നിലവിൽ ഇത്തരം കോഴ്സുകൾ ചെയ്യുന്ന വിദ്യാർഥികളുടെ ഉപരി പഠനത്തെ സാരമായി ബാധിക്കുന്നതാണ് നടപടി. അതേസമയം, മറ്റു സർവകലാശാല വിദ്യാർഥികളെയും ഉൾക്കൊള്ളിച്ച് സമരം ശക്തമാക്കുമെന്ന് ജെ.എൻ.എസ്.യു നേതൃത്വം വ്യക്തമാക്കി.
1234 സീറ്റുകളിൽ പ്രവേശനം നടത്തിയിരുന്ന ജെ.എൻ.യുവിൽ അടുത്ത അധ്യയനവർഷം 194 സീറ്റുകളിൽ മാത്രമാണ് പ്രവേശനം. സീറ്റുകൾ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിൽ ന്യായീകരണവുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ രംഗത്തെത്തി. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കുകമാത്രമാണ് ജെ.എൻ.യു വി.സി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. യു.ജി.സി ഉപരോധത്തിന് വിദ്യാർഥി യൂനിയൻ നേതാവ് മോഹിത് കെ. പാണ്ഡെ, കനയ്യകുമാർ, ഉമർ ഖാലിദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.