കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
text_fieldsശ്രീനഗർ: കശ്മീരിൽ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചതായി പൊലീസ് അറിയിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ ശ്രീനഗറിലും പുൽവാമയിലുമാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവർ നിരോധിത സംഘടനയായ ലഷ്കർ-ഇ-ത്വയ്ബ പ്രവർത്തകരാണ്. ശ്രീനഗറിൽ അടുത്തിടെ നടന്ന പൊലീസുകാരന്‍റെയും സിവിലിയന്‍റെയും കൊലപാതകത്തിൽ ഇവർ പങ്കളായായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
'സൈന്യവും പൊലീസും സി.ആർ.പി.എഫും ചേർന്ന് പുൽവാമയിലെ വഹിബഗ് മേഖലയിലാണ് ആദ്യ എൻകൗണ്ടർ ആരംഭിച്ചത്. ഗ്രാമത്തിൽ ഒളിച്ചിരുന്ന ഭീകരരോട് ആദ്യം കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇവർ സുരക്ഷാ സേനക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഷാഹിദ് ബഷീർ ഷെയ്ഖ് എന്ന ഭീകരൻ കൊല്ലപ്പെടുകയായിരുന്നു' -പൊലീസ് പറഞ്ഞു.
ഒക്ടോബർ രണ്ടിന് ശ്രീനഗറിലെ ബറ്റാമലൂവിൽ മുഹമ്മദ് ഷാഫി ദാറിനെ കൊലപ്പെടുത്തിയതിൽ ഷാഹിദ് ബഷീറിന് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാൾ നാട്ടുകാരെ ഭീഷണിപ്പെടുത്തി പ്രദേശവാസികൾക്കിടയിൽ ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ശ്രീനഗറിലെ ഹംദാനിയ കോളനി ബെമിന പ്രദേശത്താണ് ശ്രീനഗർ പൊലീസിന്‍റെ നേതൃത്വത്തിൽ രണ്ടാമത്തെ ഓപ്പറേഷൻ നടക്കുന്നത്. തൻസീൽ അഹമ്മദ് എന്ന ഭീകരനാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇയാൾ അടുത്തിടെയാണ് തീവ്രവാദ സംഘങ്ങൾക്കൊപ്പം ചേരുന്നത്.
സെപ്റ്റംബർ 12ന് ശ്രീനഗറിലെ ഖനിയാർ പ്രദേശത്ത് സബ് ഇൻസ്പെക്ടർ അർഷിദ് അഷ്റഫിനെ കൊലപ്പെടുത്തിയതിൽ ഇയാൾക്ക് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് രണ്ട് എ.കെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ഒരാഴ്ചക്കിടെ നടന്ന എട്ട് ഏറ്റുമുട്ടലുകളിൽ 11 ഭീകരർ കൊല്ലപ്പെട്ടതായി കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ അറിയിച്ചു. ഒക്ടോബർ രണ്ടിനും എട്ടിനും ഇടയിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഏഴുപേരും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.