ഷോർട്ട് പാൻറ്സ് ധരിച്ചതിന് അധ്യാപകർ അപമാനിച്ചു; വിദ്യാർത്ഥി തൂങ്ങിമരിച്ചു
text_fieldsലുധിയാന: ഷോർട്ട് പാൻറ്സ് ധരിച്ചതിന് അധ്യാപകരും പ്രിൻസിപ്പലും മർദിക്കുകയും അപമാനിക്കുകയും ചെയ്തതിന് 11-ാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു. ലുധിയാനയിലെ ദാബ പ്രദേശത്തെ ഗുർമെൽ നഗറിലെ വീട്ടിലാണ് ധനഞ്ജയ് കുമാർ (18) എന്ന വിദ്യാർഥി ആത്മഹത്യ ചെയ്തത്. മാനസികമായി തകർന്ന നിലയിലായിരുന്ന വിദ്യാർഥി രണ്ട് ദിവസമായി ഒന്നും കഴിക്കാറില്ലായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
സ്‌കൂൾ പ്രിൻസിപ്പലും രണ്ട് അധ്യാപകർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ധന്ദാരിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് വിദ്യാർഥി പഠിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് ഷോർട്ട് പാൻറ്സ് ധരിച്ച് സ്കൂളിൽ പോയിരുന്നു. അധ്യാപകർ അത് മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിക്കുകയും ചെയ്തു.
പ്രിൻസിപ്പലിൻെറ നിർദേശത്തെത്തുടർന്ന് അധ്യാപകർ തൻെറ മകനെ കൈ കെട്ടിയിട്ട് അടിച്ചുവെന്ന് ധനഞ്ജയിൻെറ പിതാവ് ബ്രിജ് രാജ് തിവാരി ആരോപിച്ചു. എല്ലാ വിദ്യാർഥികൾക്കും മുന്നിൽ വെച്ച് അവനെക്കൊണ്ട് വസ്ത്രങ്ങൾ അഴിപ്പിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം സ്കൂളിൽ പോകുന്നതും ഭക്ഷണം കഴിക്കുന്നതും മകൻ നിർത്തിയതായി അമ്മ കമലേഷ് തിവാരി പറഞ്ഞു. മുറിയിൽ വാതിലടച്ചിരിക്കുകയായിരുന്ന മകനെ പിന്നീട് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇരയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.