നാലാം ക്ലാസുകാരനെ സഹപാഠി കോംപസ്സ് ഉപയോഗിച്ച് കുത്തിയത് 108 തവണ
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ നാലാം ക്ലാസുകാരനെ സഹപാഠി കോംപസ് ഉപയോഗിച്ച് കുത്തിയത് 108 തവണ. സ്കൂളിൽ വച്ചുള്ള വഴക്കിനിടെയാണ് സംഭവം. സംഭവത്തിൽ ശിശുക്ഷേമ സമിതി ഇടപെട്ട് പൊലീസിന്‍റെ റിപ്പോർട്ട് തേടി.
കഴിഞ്ഞ 24നായിരുന്നു സംഭവമെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ പല്ലവി പോർവാൽ അറിയിച്ചു. ഇൻഡോറിലെ സ്വകാര്യ സ്കൂളിൽ പഠിക്കുകയായിരുന്നു കുട്ടി. സ്കൂളിൽ വെച്ചുള്ള വഴക്കിനിടെ സഹപാഠി ജ്യോമെട്രി ബോക്സിലെ കോംപസ്സ് ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു.
കുട്ടിക്ക് പരിക്കേറ്റ വിവരം രക്ഷിതാവിനെ അറിയിക്കുകയായിരുന്നു. താൻ ആവശ്യപ്പെട്ടിട്ടും ക്ലാസ്മുറിയിലെ സിസിടിവി ദൃശ്യം സ്കൂൾ അധികൃതർ നൽകിയില്ലെന്ന് പിതാവ് പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകി.
കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനകൾ നടത്തിയെന്ന് അസി. കമീഷണർ വിവേക് സിങ് പറഞ്ഞു. രണ്ട് കുട്ടികളും 10 വയസിൽ താഴെയുള്ളവരാണ്. ഇത് കണക്കിലെടുത്തുള്ള നടപടികളാണെടുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
നാലാം ക്ലാസുകാരൻ ഇത്തരത്തിലുള്ള ആക്രമണോത്സുകത കാട്ടിയത് ഞെട്ടിക്കുന്നതാണെന്ന് ശിശുക്ഷേമ സമിതി അധ്യക്ഷ പറഞ്ഞു. സംഭവത്തിലുൾപ്പെട്ട കുട്ടികൾക്കും കുടുംബത്തിനും കൗൺസലിങ് നൽകും. ആക്രമണോത്സുകത പ്രചരിപ്പിക്കുന്ന വിഡിയോ ഗെയിമുകൾ ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് പ്രേരണയാകുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും പല്ലവി പോർവാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.