മധ്യപ്രദേശിൽ ഗവ. സ്കൂൾ താൽകാലിക ക്ഷേത്രമാക്കിയതായി പരാതി; പഠനം മുടങ്ങിയതായി വിദ്യാർഥികൾ
text_fieldsസമീപത്തെ അമ്പലത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കുന്നതിനാൽ മധ്യപ്രദേശിലെ സർക്കാർ സ്കൂൾ ക്ഷേത്രാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായി പരാതി. വിദ്യാർഥികളും രക്ഷിതാക്കളുമാണ് പരാതിയുമായി രംഗത്തെത്തിയത്. മധ്യപ്രദേശ് സഹമന്ത്രി സുരേഷ് ധാക്കദ് രത്ഖേഡയുടെ പിന്തുണയോടെയാണ് ക്ഷേത്രാവശ്യങ്ങൾക്കായി സ്കൂൾ അടച്ചുപൂട്ടി ഉപയോഗിക്കുന്നതെന്ന് ആരോപണമുണ്ട്. ശിവപുരി ജില്ലയിലെ രാത്ഖേഡ ഗ്രാമത്തിൽ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. സമീപത്തെ അമ്പലത്തിൽ ഏപ്രിൽ മൂന്നുമുതൽ 'ഭാഗവത കഥ' പാരായണം ആരംഭിച്ചതു മുതൽ സ്കൂളിലെ ക്ലാസുകൾ തടസ്സപ്പെട്ടിരുന്നതായി രക്ഷിതാക്കൾ പറഞ്ഞതായി എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്യുന്നു. പരിപാടിയുടെ ആവശ്യത്തിനായി സർക്കാർ പ്രൈമറി സ്കൂൾ അടുക്കളയും അംഗൻവാടി കേന്ദ്രവും ഉപയോഗിക്കുന്നതായി പറയുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും സ്കൂൾ അങ്കണത്തിൽവെച്ചാണ്. മുഖ്യപുരോഹിതർക്ക് വിശ്രമിക്കാനായി സ്കൂൾ മുറികളിൽ താൽകാലിക എയർ കണ്ടീഷനുകളും സ്ഥാപിച്ചിട്ടുണ്ട്.
സ്‌കൂൾ പരിസരം മതപരമായ പരിപാടിക്കായി ഉപയോഗിക്കുന്നതിനാൽ ഒരാഴ്ചയായി ക്ലാസുകൾ നിർത്തിവച്ചിരിക്കുകയാണെന്ന് സ്‌കൂളിലെ വിദ്യാർത്ഥികൾ ആരോപിക്കുന്നു. എന്നാൽ മന്ത്രി രാത്ഖേഡ ഇത് നിഷേധിച്ചു.
സ്‌കൂൾ പരിസരം ഭക്തർക്ക് ഭക്ഷണവും പ്രസാദവും പാകം ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്നു. ചില ക്ലാസ് മുറികളിൽ ഭക്ഷണം പാകം ചെയ്യാനും മിനറൽ വാട്ടർ ബോട്ടിലുകളും അസംസ്‌കൃത വസ്തുക്കൾ സൂക്ഷിക്കാനും മറ്റ് ക്ലാസ് മുറികൾ ഭക്ഷണം തയ്യാറാക്കുന്ന സ്ത്രീകൾക്ക് വിശ്രമിക്കാനും ഉപയോഗിക്കുന്നു. ഇത്രമാത്രമേ ഉള്ളൂവെന്ന് മന്ത്രി പറയുന്നു. ഏപ്രിൽ മൂന്നിന് സമീപത്തെ ക്ഷേത്രത്തിൽ ഭാഗവത കഥ ആരംഭിച്ചതു മുതൽ സ്കൂളിലെ ക്ലാസുകൾ തടസ്സപ്പെട്ടിരുന്നു.
സ്‌കൂളിൽ പന്തൽ സ്ഥാപിച്ചതിന് ശേഷം ക്ലാസുകൾ നടന്നിട്ടില്ലെന്ന് നാലാം ക്ലാസ് വിദ്യാർത്ഥിനികളായ ലാലിയും സംഘവും പറഞ്ഞതായി എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനായി സ്‌കൂൾ കെട്ടിടത്തിന് പുറത്ത് ടെന്റ് സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂൾ പരിസരത്ത് ഭക്തർക്കായി ഭക്ഷണം പാകം ചെയ്യുന്നതിനാൽ പ്രൈമറി സ്‌കൂളിലെ ക്ലാസുകൾ തടസ്സപ്പെട്ടതായി പ്രദേശവാസിയായ സൂരജ് സിംഗ് പറഞ്ഞു.
എന്നാൽ, ക്ലാസുകൾ തടസ്സപ്പെട്ട കാര്യം പ്രാദേശിക ബി.ജെ.പി എം.എൽ.എയും സംസ്ഥാന മന്ത്രിയുമായ സുരേഷ് ധാക്കദ് രത്ഖേഡ നിഷേധിക്കുന്നു. "സ്കൂൾ അടച്ചിട്ടുണ്ടെന്ന് ആരാണ് പറയുന്നത്, അത് തുറന്നിരിക്കുന്നു, ഭാഗവത കഥ നടക്കുന്ന സ്ഥലം സ്കൂളിന് അടുത്തല്ല. പിന്നെ എങ്ങനെ അത് സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കും" -മന്ത്രി ചോദിച്ചു. ജ്യോതിരാദിത്യ സിന്ധ്യയും സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും 'ഭഗവത് കഥാ പന്തൽ' സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.