അയൽവാസികൾ തമ്മിലുള്ള തർക്കം: 45 ദിവസം യമുന നദി വൃത്തിയാക്കാൻ നിർദേശിച്ച് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: അയൽവാസികൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ രണ്ട്കക്ഷികളോടും 45 ദിവസം യമുന നദി വൃത്തിയാക്കാൻ നിർദേശിച്ച് ഡൽഹി ഹൈകോടതി. ഓഡർ ലഭിച്ച് 10 ദിവസത്തിനുള്ളിൽ ഡൽഹി ജല ബോർഡ് അംഗം അജയ് ഗുപ്തയെ കാണണമെന്നും ഗുപ്തയുടെ മേൽനോട്ടത്തിൽ 45 ദിവസം യമുന നദി വൃത്തിയാക്കണമെന്നും കോടതി കക്ഷികളോട് നിർദേശിച്ചു.
ശുചീകരണ പ്രവർത്തനങ്ങളിൽ തൃപ്തരായാൽ ഇരുകൂട്ടർക്കും ജല ബോർഡ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് ലഭിച്ച് ഒരാഴ്ചയ്ക്കകം രേഖകൾ കോടതിയിൽ ഹാജരാക്കുകയും വേണം. ഈ നടപടികൾ രണ്ടു മാസത്തിനകം പൂർത്തിയാക്കണം.
വ്യവസ്ഥകൾ പാലിക്കുമെന്ന ഉറപ്പിൽ, ആക്രമണം, വഴക്ക്, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2022 ഫെബ്രുവരിയിൽ ജയ്ത്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കാൻ ഹൈകോടതി ഉത്തരവിട്ടു.
ദിവസങ്ങൾക്ക് മുമ്പാണ് ഡൽഹിയിൽ രണ്ട് അയൽവാസികൾ തമ്മിൽ വഴക്കുണ്ടായത്. ഇരുവിഭാഗവും പരസ്പരം ആക്രമിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് വിഷയം കോടതിയിലെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇരുകൂട്ടരും ഒത്തുതീർപ്പിന് സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.