‘ഡൽഹി ചലോ’ പദയാത്രക്കിടെ കാലാവസ്ഥാ ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കടക്കം 120 പേരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് ആറാം ഷെഡ്യൂൾ പദവി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് നടത്തിയ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്ക് ഉൾപ്പെടെ ലഡാക്കിൽ നിന്നുള്ള 120 ഓളം പേരെ ഡൽഹി പൊലീസ് നഗരാതിർത്തിയിൽ തടഞ്ഞു. വാങ്ചുക്ക് ഉൾപ്പെടെയുള്ളവരെ നഗരാതിർത്തിയിലെ അലിപൂരിലേക്കും മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും നീക്കിയതായാണ് റിപ്പോർട്ട്. സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂൾ വിപുലീകരണം എന്നിവയെ പിന്തുണച്ച് കഴിഞ്ഞ നാല് വർഷമായി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ‘കാർഗിൽ ഡെമോക്രാറ്റിക് അലയൻസ്’ ‘ലേ അപെക്സ് ബോഡി’ എന്നീ സംഘടനകളാണ് ‘ഡൽഹി ചലോ പദയാത്ര’ സംഘടിപ്പിച്ചത്. ലഡാക്കിനുള്ള പബ്ലിക് സർവിസ് കമീഷനും ലേ,കാർഗിൽ ജില്ലകൾക്ക് പ്രത്യേക ലോക്‌സഭാ സീറ്റുകളും ഇവരുടെ ആവശ്യങ്ങളിൽപ്പെടുന്നു.
ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചോ അതിലധികമോ വ്യക്തികൾ, ബാനറുകൾ, പ്ലക്കാർഡുകൾ, ആയുധങ്ങൾ, അല്ലെങ്കിൽ പ്രതിഷേധങ്ങൾ എന്നിവയുമായി ദേശീയ തലസ്ഥാനത്ത് ഒത്തുകൂടുന്നത് ഡൽഹി പോലീസ് നിരോധിച്ചു. ന്യൂഡൽഹി, നോർത്ത്-സെൻട്രൽ ജില്ലകളിലും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ സെക്ഷൻ 163 ാം വകുപ്പ് ചുമത്താൻ പോലീസ് കമീഷണർ സഞ്ജയ് അറോറ നിർദേശിച്ചു.
സോനം വാങ്ചുക്കിനെ അതിർത്തിയിൽ തടഞ്ഞുവെച്ചതിനെ പ്രതിപക്ഷ നേതാക്കൾ അപലപിച്ചു. ‘വളരെ മോശം’എന്നും ‘അസ്വീകാര്യമായത്’ എന്നും അവർ വിശേഷിപ്പിച്ചു. തടങ്കലിൽ വച്ചിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി പറഞ്ഞു.
ഡൽഹിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതിനാൽ തിരികെ പോകാൻ ആദ്യം ഇവരോട് അഭ്യർഥിച്ചുവെന്നും അവർ പിന്തിരിയാതെ വന്നപ്പോൾ അതിർത്തിയിൽ വിന്യസിച്ചിരുന്ന പോലീസുകാർ വാങ്ചുക്ക് ഉൾപ്പെടെ 120 ഓളം പേരെ തടഞ്ഞുവെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഡൽഹി-ഹരിയാന അതിർത്തിയിലെ അലിപൂർ പോലീസ് സ്റ്റേഷനിലേക്കും സമീപത്തെ മറ്റ് പോലീസ് സ്റ്റേഷനുകളിലേക്കും ഇവരെ മാറ്റിയതായും അവരെ വിട്ടയക്കുമെന്നും ഓഫിസർ പറഞ്ഞു. മാർച്ചിൽ പങ്കെടുത്ത സ്ത്രീകളെ തടങ്കലിൽ വച്ചിട്ടില്ല.
കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ് വാങ്‌ചുക് ദില്ലി അതിർത്തിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. വൻ പൊലീസ് സാന്നിധ്യമാണവിടെ ഉണ്ടായിരുന്നത്. ഡൽഹി-ഹരിയാന പൊലീസിന്റെ നിരവധി വാഹനങ്ങൾ തങ്ങളുടെ ബസുകളെ അനുഗമിച്ചുവെന്നും ആദ്യം അവരെ അകമ്പടി സേവിക്കുകയാണെന്ന് കരുതിയിരുന്നെങ്കിലും രാജ്യ തലസ്ഥാനത്തെത്തിയപ്പോൾ തങ്ങളെ കസ്റ്റഡിയിലെടുക്കാൻ പോകുകയാണെന്ന് വ്യക്തമാണെന്നും വാങ്ചുക് തന്റെ പോസ്റ്റിൽ പറഞ്ഞു. ഡൽഹി അതിർത്തിയിൽ ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഡൽഹിയിലെ ലഡാക്ക് ഭവനിലും ലഡാക്കിൽ നിന്നുള്ള വിദ്യാർഥികൾ താമസിക്കുന്ന പ്രദേശങ്ങളിലും കനത്ത സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഈ പദയാത്ര അനുവദിക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.