Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ കാലാവസ്ഥാ...

ഇന്ത്യയുടെ കാലാവസ്ഥാ മാറ്റം ആരോഗ്യത്തിന് വൻ ഭീഷണിയെന്ന് ലാൻസെറ്റ് റിപ്പോർട്ട്

text_fields
bookmark_border
ഇന്ത്യയുടെ കാലാവസ്ഥാ മാറ്റം ആരോഗ്യത്തിന്   വൻ ഭീഷണിയെന്ന് ലാൻസെറ്റ് റിപ്പോർട്ട്
cancel

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തിൽനിന്ന് ഉയർന്നുവരുന്ന ആരോഗ്യ ഭീഷണികൾ മിക്ക രാജ്യങ്ങളിലും റെക്കോർഡ് അളവിൽ എത്തിയിരിക്കുകയാണ്. ഇന്ത്യയാണ് ഏറ്റവും കൂടുതൽ ആഘാതമുള്ള രാജ്യങ്ങളിലൊന്നെന്ന് ‘ദ ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച ‘കൗണ്ട്ഡൗൺ ഓൺ ഹെൽത്ത് ആന്‍റ് ക്ലൈമറ്റ് ചേഞ്ച്’ എന്ന ആഗോള റിപ്പോർട്ട് പുറത്തുവിട്ടു.

കാലാവസ്ഥാ പ്രതിസന്ധി ആരോഗ്യ പ്രതിസന്ധി കൂടിയാണ്. ഗ്രഹം ചൂടാകുമ്പോൾ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും വർധിക്കുന്നു. ഒരു പ്രദേശത്തെയും സ്പർശിക്കാതെ അത് വിടുകയില്ലെന്ന് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ പങ്കാളിയായ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ആഗോള മാനദണ്ഡവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനത്തി​ന്‍റെ ആഘാതം വളരെ മോശമായിരുന്നു. ഇന്ത്യ അടുത്തിടെ റെക്കോർഡ് ഭേദിക്കുന്ന ചൂട് അനുഭവിച്ചു. 2023ൽ ഓരോ വ്യക്തിയും 100 ദിവസത്തിന് തുല്യമായ 2,400 മണിക്കൂറിലധികം ചൂടുമായുള്ള സമ്പർക്കം പുലർത്തി.സമീപകാല കാലാവസ്ഥാ വ്യതിയാനങ്ങൾ ഏറ്റവുമധികം ബാധിച്ചത് ഇന്ത്യയിൽ ശിശുക്കളെയും പ്രായമായവരെയും ആണെന്ന് റിപ്പോർട്ട് പറയുന്നു.

ചൂടിൽ നിന്നുള്ള ശാരീരിക സമ്മർദ്ദത്തിന് പുറമെ ഭീമമായ സാമ്പത്തിക നഷ്ടങ്ങളും ഉണ്ടായി. 2023ൽ ചൂട് കാരണം വൻതോതിൽ തൊഴിൽ സമയം നഷ്ടപ്പെട്ടു. 141 ബില്യൺ ഡോളറാണ് തൊഴിൽ ശേഷി കുറഞ്ഞതിലൂടെ ഉണ്ടായേക്കാവുന്ന വരുമാന നഷ്ടമെന്നും റിപ്പോർട്ട് പറയുന്നു. 2023ൽ അവസാനിക്കുന്ന ദശകത്തിൽ ഇന്ത്യയിലെ കാലാവസ്ഥ ഗുരുതരമായ പകർച്ചവ്യാധികളുടെ ചലനാത്മകതയെ ഗണ്യമായി സ്വാധീനിച്ചു. സാധാരണയായി താഴ്ന്ന പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന മലമ്പനി ഹിമാലയത്തിലേക്കും വ്യാപിച്ചു. തീരപ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളം ഡെങ്കിപ്പനി പടർന്നു. ഈഡിസ് ആൽബോപിക്‌റ്റാസ് കൊതുകുകൾ വഹിക്കുന്ന ഡെങ്കിപ്പനിയുടെ വ്യാപന സാധ്യത 85 ശതമാനം വർധിച്ചു. കുടൽ അണുബാധക്ക് കാരണമാകുന്ന വൈബ്രിയോ പോലുള്ള രോഗകാരികൾക്ക് തീരദേശവാസികൾ കൂടുതൽ ഇരയായിട്ടുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു. മാറുന്ന കാലാവസ്ഥ കാരണം കോളറയും വ്യാപകമായി.

സമുദ്രനിരപ്പ് ഉയരുന്നത് രാജ്യത്തി​ന്‍റെ തീരപ്രദേശങ്ങളെയും ബാധിക്കുന്നു. 7,500 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ വിപുലമായ തീരപ്രദേശം, പ്രകൃതിക്ഷോഭങ്ങളും മനുഷ്യ പ്രവർത്തനങ്ങളും മൂലം കടുത്ത ഭീഷണി നേരിടുന്നു. സുന്ദർബൻസ്, മുംബൈ, തമിഴ്‌നാട്, പുതുച്ചേരി, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ, ഗുജറാത്തി​ന്‍റെ ചില ഭാഗങ്ങൾ തുടങ്ങിയ തീരപ്രദേശങ്ങൾ കടലിലെ ജലനിരപ്പ് ഉയരുന്നതി​ന്‍റെ ആഘാതങ്ങൾക്ക് ഇരയായി.

ഇന്ത്യ ഉടൻ ഒരു വികസിത രാജ്യമാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വർധിച്ചുവരുന്ന കാലാവസ്ഥാ ഘടകങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യ പ്രത്യാഘാതങ്ങൾ വളർച്ചയെ മന്ദഗതിയിലാക്കുമെന്ന് ഓർക്കണമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യമുള്ള ആളുകൾ ആരോഗ്യമുള്ള ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നു. അതിനാൽ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാൻ ഇന്ത്യ കൂടുതൽ നിക്ഷേപം നടത്തണം -ക്ലൈമറ്റ് ആക്ഷൻ നെറ്റ്‌വർക്ക് സൗത്ത് ഏഷ്യ ഡയറക്ടർ സഞ്ജയ് വസിഷ്ഠ് പറഞ്ഞു.

‘റെക്കോർഡ് വർധനയിലുള്ള കാർബൺ പുറന്തള്ളൽ ആരോഗ്യത്തിന് അതിയായ ഭീഷണി ഉയർത്തുന്നു. ആദ്യം കാലാവസ്ഥാമാറ്റത്തിലെ നിഷ്ക്രിയത്വത്തി​ന്‍റെ രോഗം നാം ഭേദമാക്കണം. കാർബൺ ബഹിർഗമനം വെട്ടിക്കുറച്ചും കാലാവസ്ഥാ വ്യതിയാനങ്ങളിൽനിന്ന് ആളുകളെ സംരക്ഷിച്ചും നമ്മുടെ ഫോസിൽ ഇന്ധന ആസക്തി അവസാനിപ്പിച്ചും അത് ചെ​യ്തേ മതിയാവൂ’ എന്ന് യുനൈറ്റഡ് നേഷൻസ് സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lancet reportClimate RiskIndian
News Summary - Climate risk to health: Impact on India among the worst, says Lancet report
Next Story