ചുരം റോഡിൽ ഗതാഗത നിയന്ത്രണം: മംഗളൂരു -ബംഗളൂരു പ്രീമിയം ബസ്സുകൾ പാതിയും സർവിസ് മുടങ്ങി
text_fieldsമംഗളൂരു: ശിരദി-സംപാജെ ചുരം പാതയിലെ ഗതാഗത നിയന്ത്രണം കർണാടക ആർ.ടി.സി മംഗളൂരു -ബംഗളൂരു പ്രീമിയം ബസ് സർവിസുകൾക്ക് ആഘാതമായി. അംബാരി ഉത്സവ്, വോൾവോ മൾട്ടി ആക്സിൽ, ഡ്രീം ക്ലാസ് സ്ലീപ്പർ ഇനം ബസുകളിൽ പകുതിയും മുടങ്ങിയ നിലയിലാണെന്ന് മംഗളൂരു ഡിവിഷണൽ കൺട്രോളർ രാജേഷ് ഷെട്ടി പറഞ്ഞു. 40 ബസുകളിൽ 20 എണ്ണം മാത്രമാണ് രാത്രി നിരത്തിലിറക്കുന്നത്.
ശീതീകൃതമല്ലാത്ത സ്ലീപ്പർ, രാജഹംസ, സാധാരണ ബസുകൾ എന്നിവ ചർമാഡി ചുരം പാത വഴി തിരിച്ചു വിടുന്നുണ്ട്. പ്രീമിയം ബസുകളുടെ സഞ്ചാരത്തിന് ഈ പാത അനുയോജ്യമല്ല. അതേസമയം, ശിരദി ചുരം വഴി സർവിസ് നടത്തുന്ന 20 പ്രീമിയം ബസുകളിലെ യാത്രക്കാരാവട്ടെ, കടുത്ത നിയന്ത്രണം കാരണം മണിക്കൂറുകളോളം വഴിയിൽകിടന്നാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.
രാത്രി 10.30/11.00 മണിക്ക് മംഗളൂവിൽ നിന്ന് പുറപ്പെടുന്ന പ്രീമിയം ബസുകൾ പിറ്റേന്ന് പുലർച്ചെ ആറിന് പകരം രാവിലെ 11നാണ് ഗതാഗത നിയന്ത്രണം കാരണം ബംഗളൂരുവിൽ എത്തുന്നത്. അർധരാത്രി 2.00/3.00 മണിക്ക് ശിരദി ചുരത്തിൽ എത്തുന്ന ബസ് പുലർച്ചെ ആറു വരെ അവിടെ നിർത്തിയിട്ടാണ് യാത്ര തുടരുന്നത്. അത്രയും സമയം യാത്രക്കാർക്ക് ബസിൽ നഷ്ടമാവുന്നു. തിരിച്ചുള്ള യാത്രയിലും സമാന പ്രയാസം ഉണ്ട്. ബദൽ പാതകൾ സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്ന് ഷെട്ടി പറഞ്ഞു. ദൂരം കൂടുമെന്നതാണ് കടമ്പ. ഹുളിക്കൽ ചുരം, കുദ്രെമുഖ്-കലസ-ചിക്കമഗളൂരു പാത എന്നിവയാണ് ബദൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.