മുംബൈയിൽ കേടായ റെയിൽപാളം തുണികൊണ്ട് ഘടിപ്പിച്ചു: വിശദീകരണവുമായി റെയിൽവേ
text_fieldsമുംബൈ: മഴയിൽ തകർന്ന റെയിൽപാളം തുണികൊണ്ട് കെട്ടിവെച്ച സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ. കേടായ പാളത്തിെൻറ ഭാഗം തുണികൊണ്ട് ഘടിപ്പിച്ചതല്ലെന്നും ആ ഭാഗം റെയിൽ തൊഴിലാളികൾക്ക് മനസിലാക്കാൻ അടയാളപ്പെടുത്തിയതാണെന്നും കേന്ദ്ര റെയിൽവേ അറിയിച്ചു.
മുംബൈ സബർബൻ റെയിൽവേയുടെ ഹാർബർ ലൈനിൽ ഗോവന്ദി, മാൻഗണ്ഡ് സ്റ്റേഷനിടയിലാണ് സംഭവം. കേടായ റെയിൽപാളത്തിെൻറ ഭാഗം ജീവനക്കാർ നീല തുണിക്കഷ്ണംകൊണ്ട് കെട്ടിവെക്കുന്നതിെൻറ ദൃശ്യങ്ങൾ പ്രചരിക്കുകയായിരുന്നു. എന്നാൽ ദൃശ്യങ്ങൾ തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് റെയിൽ വേ വിശദീകരിച്ചു. ട്രാക്ക് പരിശോധന നടത്തുന്നവർ പാളം തകർന്ന ഭാഗം അറ്റകുറ്റപ്പണി നടത്തുന്ന ജീവനക്കാർക്ക് പെട്ടന്ന് മനസിലാക്കുന്നതിന് പെയിൻറ് ഉപയോഗിച്ച് വരക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ മഴയായതിനാൽ പെയിൻറ് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തുണികൊണ്ട് അടയാളപ്പെടുത്തിയതെന്നും ഇതിെൻറ നിജസ്ഥിതി അറിയാതെയാണ് വിഡിയോ ദൃശ്യം പ്രചരിപ്പിച്ചതെന്നും റെയിൽവേ വിശദീകരണകുറുപ്പിൽ പറയുന്നു. അരമണിക്കൂറിനകം തകർന്ന പാളം ശരിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നതായും റെയിൽ വേ അറിയിച്ചു.
റെയിൽവേ സുരക്ഷിതത്വം ഉറപ്പുനൽകുന്നുണ്ടെന്നും അതിൽ വിട്ടുവീഴ്ചയില്ലാതെയാണ് ജീവനക്കാർ ജോലിചെയ്യുന്നതെന്നും വിശദീകരണകുറിപ്പിൽ പറയുന്നു.
മുംബൈയിൽ കനത്ത മഴമൂലം കഴിഞ്ഞ ദിവസങ്ങളിൽ സബർബൻ സർവീസുകൾ മുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.