Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിമാചലിൽ മേഘവിസ്ഫോടനം;...

ഹിമാചലിൽ മേഘവിസ്ഫോടനം; വിനോദ സഞ്ചാരികളടക്കം 200ലേറെ പേർ ഒറ്റപ്പെട്ടു

text_fields
bookmark_border
ഹിമാചലിൽ മേഘവിസ്ഫോടനം; വിനോദ സഞ്ചാരികളടക്കം 200ലേറെ പേർ ഒറ്റപ്പെട്ടു
cancel

മാണ്ഡി: മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹിമാചൽ പ്രദേശിൽ വിനോദ സഞ്ചാരികളും പ്രദേശവാസികളും ഉൾപ്പടെ 200 ലധികം ആളുകൾ ഒറ്റപ്പെട്ടതായി പൊലീസ് അറിയിച്ചു. മാണ്ഡി ജില്ലയിലെ ബാഗിപുൾ പ്രദേശത്ത് പ്രഷാർ തടാകത്തിന് സമീപമാണ് ആളുകൾ കുടുങ്ങിയത്. വെള്ളപ്പൊക്കത്തെത്തുടർന്ന് പരാഷറിലേക്കുള്ള റോഡ് അടച്ചതായി മാണ്ഡി പൊലീസ് അറിയിച്ചു.

ചമ്പയിൽനിന്നുള്ള വിദ്യാർഥികളുടെ ബസും പരാഷറിൽനിന്ന് മടങ്ങുകയായിരുന്ന നിരവധി വാഹനങ്ങളും കുടുങ്ങിയതായി പൊലീസ് പറയുന്നു. മേഖലയിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഡി.എസ്.പി സൂദ് പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ പാണ്ഡോ - മാണ്ഡി ദേശീയപാതയിൽ ചാർമൈലിനും സത്‌മൈലിനും ഇടയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ദേശീയപാത അടച്ചിട്ടിരിക്കുകയാണെന്നും തുറക്കാൻ സമയമെടുക്കുമെന്നും പൊലീസ് പറഞ്ഞു. കമന്ദിന് സമീപം കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് കതോല വഴിയുള്ള മാണ്ഡി - കുളു റോഡ് അടച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിനെത്തുടർന്ന് 25 - 30 വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ആളുകൾക്ക് താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുകയാണെന്നും രാത്രി മുഴുവൻ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മാണ്ഡി പൊലീസ് പറഞ്ഞു.

മഴയെ തുടർന്ന് ഹിമാചലിലെ കാൻഗ്ര സിറ്റിയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടിലാണ്. തുടർച്ചയായി മഴയും വെള്ളപ്പൊക്കവും കാരണം മാണ്ഡി - കുളു ദേശീയപാതയിലെ ഖോതി നാലയിൽ ഗതാഗതം തടസ്സപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. മാണ്ഡി - ജോഗീന്ദർ നഗർ ഹൈവേയും അടച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ഈ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന ആളുകൾ മലകളോട് ചേർന്നുള്ള റോഡുകളിൽ നിൽക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഹൈവേ നാളെ തുറക്കുമെന്നാണ് സൂചന.

സമതലങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴക്കും മിന്നലിനും സാധ്യതയുണ്ട്. കാൻഗ്ര, മാണ്ഡി, സോളൻ ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. ഗതാഗതക്കുരുക്ക്, മൂടൽമഞ്ഞ്, പവർകട്ട് എന്നിവയും ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്ത മഴ മാണ്ഡിയുടെ പല ഭാഗങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. കൂടാതെ മലയോര മേഖലകളിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ മാണ്ഡിയിലൂടെ ഒഴുകുന്ന ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HimachalCloudbursttourists stranded
News Summary - Cloudburst in Himachal; More than 200 people including tourists were stranded
Next Story