മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 32 മരണം
text_fieldsഷിംല: മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 32 മരണം. ഹിമാചൽപ്രദേശിൽ മാത്രം കുടുംബത്തിലെ എട്ടുപേരടക്കം 22 മരണം. ഒഡിഷ, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, ഛത്തിസ്ഗഢ്, ജമ്മു-കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രളയം ദുരിതംവിതച്ചത്. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും ഒഡിഷയിലും കനത്ത നാശമുണ്ടായി.
നദികൾ കരകവിഞ്ഞൊഴുകുകയും പാലങ്ങളും റെയിൽ പാളങ്ങളും തകരുകയും ചെയ്തു. മണ്ണിടിച്ചിലിൽ നൂറുകണക്കിന് വീടുകൾ തകർന്നു. പലയിടത്തും റോഡുകളിലും റെയിൽപാളത്തിലും മരംവീണും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. ന്യൂനമർദത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്തമഴ ശനിയാഴ്ച പകലും തുടർന്നു. 24 മണിക്കൂർകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.
ഹിമാചലിലെ ഹാമിർപുർ ജില്ലയിൽ കാണാതായ 22 പേരെ രക്ഷിച്ചു. പലയിടത്തും പാലങ്ങൾ സുരക്ഷിതമല്ലെന്ന് റെയിൽവേ വ്യക്തമാക്കി. ചമ്പ ജില്ലയിൽ മണ്ണിടിച്ചിലിൽ വീടുകൾ തകർന്നു. മാണ്ഡിയിൽ മണ്ണിടിച്ചിലിൽ പെൺകുട്ടി കൊല്ലപ്പെടുകയും പലരെയും കാണാതാവുകയും ചെയ്തു. തകർന്ന വീടിന് അര കിലോമീറ്റർ അകലെനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
നിരവധി ഗ്രാമവാസികളെ അധികൃതർ മാറ്റിപ്പാർപ്പിച്ചു. ഗോഹാറിലെ കാഷാൻ ഗ്രാമത്തിൽ മറ്റൊരു കുടുംബത്തിലെ എട്ടുപേരെ മണ്ണിടിച്ചിലിൽ കാണാതായിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഒഡിഷയിൽ മഹാനദി കരകവിഞ്ഞൊഴുകി നിരവധി വീടുകൾ മുങ്ങി. വ്യത്യസ്ത സ്ഥലങ്ങളിലായി മതിലിടിഞ്ഞ് മൂന്നുപേർ മരിച്ചു. ന്യൂനമർദം ശനിയാഴ്ച രാത്രിയോടെ മധ്യപ്രദേശ് ഭാഗത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം.
ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിൽ നാലുപേർ കൊല്ലപ്പെടുകയും പത്ത് പേരെ കാണാതാവുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നദികൾ കരകവിഞ്ഞൊഴുകുകയും പാലങ്ങളും റെയിൽ പാളങ്ങളും തകരുകയും ചെയ്തു. നിരവധി വീടുകൾ തകർന്നു. മണ്ണിടിച്ചിലിലും ഒഴുക്കിലും കൂടുതൽ പേരെ കാണാതായിട്ടുള്ളതിനാൽ മരണസംഖ്യ ഉയരും.
ജമ്മു-കശ്മീരിൽ മണ്ണിടിച്ചിലിൽ രണ്ട് കുട്ടികൾ മരിച്ചു. ഝാർഖണ്ഡിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ വിമാന സർവിസ് റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.