‘മണിപ്പൂരിൽ ഇത്തരം നൂറോളം കേസുകൾ നടന്നിട്ടുണ്ട്...’; സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചതിൽ മുഖ്യമന്ത്രി ബിരേൺ സിങ്; വിവാദം
text_fieldsഇംഫാൽ: സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചതിനെ ‘നിസ്സാരവത്കരിച്ച്’ മണിപ്പൂർ മുഖ്യമന്ത്രി ബിരേൺ സിങ്. സംസ്ഥാനത്ത് ഇത്തരം നൂറോളം കേസുകൾ നടന്നിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വിചിത്ര മറുപടി വ്യാപക പ്രതിഷേധത്തിനിടയാക്കി. കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ ആൾക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്യുന്നതിന്‍റെ വിഡിയോ പുറത്തുവന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റുകൾ നിറയുകയാണ്. സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച ഗുരുതര സംഭവം എന്തുകൊണ്ട് സർക്കാറിന്‍റെ ശ്രദ്ധയിൽപെട്ടില്ലെന്നാണ് ഒരു മാധ്യമപ്രവർത്തകൻ ടെലിഫോൺ അഭിമുഖത്തിൽ ചോദിച്ചത്. ‘സമാനമായ നൂറുകണക്കിന് കേസുകൾ ഇവിടെ നടന്നിട്ടുണ്ട്. അതുകൊണ്ടാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്’ -മുഖ്യമന്ത്രി മറുപടി നൽകി.
‘ഒരു കേസ് മാത്രമാണ് പുറത്തുവന്നത്. എന്നിട്ടും ഞാൻ അതിനെ അപലപിച്ചു, അത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്. കേസിലെ ഒരു പ്രതിയെ പിടികൂടിയിട്ടുണ്ട്, എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണ്’ -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം നിരവധി കേസുകൾ ഭരണകൂടത്തിന് അറിയാമായിരുന്നെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. ഇന്റർനെറ്റ് നിരോധം മൂലം ഇരകളുടെ ശബ്ദം അടിച്ചമർത്തപ്പെട്ടെന്നും പൊതുജനങ്ങൾക്ക് അറിയാനായില്ലെന്നും പലരും വിമർശിച്ചു.
വിഡിയോ പുറത്തുവന്നതിനു പിന്നാലെ സുപ്രീംകോടതി വിഷയത്തിൽ ഇടപ്പെട്ടിരുന്നു. ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സർക്കാർ നടപടിയെടുക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകി. ഇത് അംഗീകരിക്കാനാവില്ല. സാമുദായിക കലാപത്തിന് സ്ത്രീകളെ ഉപകരണമാക്കുകയാണ്. പുറത്തുവന്ന ദൃശ്യങ്ങൾ ഞങ്ങളെ വല്ലാതെ അസ്വസ്ഥരാക്കി. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ അത് ചെയ്യും. മണിപ്പൂരിൽ ഇത് സർക്കാർ ഇടപെടേണ്ട സമയമാണ് -ചീഫ് ജസ്റ്റിസ് പറഞ്ഞു.
മണിപ്പൂരിൽ കുക്കി വനിതകൾക്കുനേരെയുണ്ടായ ക്രൂരമായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് പട്ടാപ്പകൽ റോഡിലൂടെ നഗ്നരായി നടത്തിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.