ഹിന്ദുസന്യാസിയുടെ വിമർശനം പിടിച്ചില്ല, മൈക്ക് പിടിച്ചുവാങ്ങി കർണാടക മുഖ്യമന്ത്രി -VIDEO
text_fieldsബംഗളൂരു: സംസ്ഥാന സർക്കാർ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്ന് ഹിന്ദു സന്യാസി വിമർശിച്ചത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് പിടിച്ചില്ല. പൊതുപരിപാടിയിൽ സന്യാസിയിൽനിന്ന് മുഖ്യമന്ത്രി മൈക്ക് പിടിച്ചുവാങ്ങി. മഹാദേവപുരയിൽ വ്യാഴാഴ്ച നടന്ന പരിപാടിയിലാണ് സംഭവം.
ഹിന്ദു ആചാര്യനായ ഈശ്വരാനന്ദപുരി സ്വാമിയാണ് ബംഗളൂരു നഗരത്തിലെ വെള്ളപ്പൊക്ക പ്രശ്നം ഉയർത്തിയത്. മഹാദേവപുര മണ്ഡലത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലെന്നും ഇതിന് രാഷ്ട്രീയക്കാരാണ് കാരണമെന്നും സ്വാമി വിമർശിച്ചു. തൊട്ടടുത്തിരുന്ന മുഖ്യമന്ത്രി ബൊമ്മൈ സ്വാമിയുടെ സംസാരം തുടങ്ങിയപ്പോൾതന്നെ ദേഷ്യത്തിലായി. അൽപസമയംകൂടി കഴിഞ്ഞപ്പോൾ പൊടുന്നനെ ബലംപ്രയോഗിച്ച് സ്വാമിയിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങി.
തുടർന്ന് താൻ ഉറപ്പുകൾ നൽകുന്ന ആൾ മാത്രമല്ലെന്നും കാര്യങ്ങൾ ചെയ്യുന്ന ആളാണെന്നും മൈക്കിലൂടെ മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഫണ്ട് അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സമയം ചിരിച്ചുകൊണ്ട് കാര്യങ്ങൾ കേട്ട സ്വാമി മൈക്കിനായി വീണ്ടും ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി നൽകാതെ സംസാരം തുടരുകയായിരുന്നു. ഏറെക്കഴിഞ്ഞാണ് തിരിച്ചു നൽകിയത്. തുടർന്ന് സ്വാമി സംസാരം പുനരാരംഭിച്ചപ്പോൾ മുഖ്യമന്ത്രി ബൊമ്മൈ ഇടയിൽക്കയറി വീണ്ടും സംസാരിക്കുന്നുണ്ടായിരുന്നു.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാസങ്ങൾക്കു മുമ്പാണ് നഗരത്തിൽ മഴയിൽ വെള്ളപ്പൊക്കമുണ്ടായി ജനജീവിതം ദുസ്സഹമായത്. മഹാദേവപുര മണ്ഡലത്തിലും ദുരിതം ഏറിയിരുന്നു. അഴുക്കുകാനകൾ കൈയേറി കെട്ടിടങ്ങൾ നിർമിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ കൈയേറ്റങ്ങൾ പൊളിക്കാൻ സർക്കാർ തുടക്കമിട്ടിരുന്നു. തുടക്കത്തിൽ വേഗത്തിലായിരുന്ന നടപടികൾ വൻകിടക്കാരുടെ കൈയേറ്റങ്ങൾ പൊളിക്കുന്ന ഘട്ടമായപ്പോൾ മെല്ലെപ്പോക്കിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.