കെ.കെയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
text_fieldsപ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ.കെയുടെ (കൃഷ്‌ണകുമാർ കുന്നത്ത്) വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തന്റെ അവസാന നിമിഷങ്ങളിലും അദ്ദേഹം പാട്ടിന്റെ ലോകത്തായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹിയിൽ ജനിച്ച കൃഷ്ണകുമാർ ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഗായകരിലൊരാളായിരുന്നു. ബോളിവുഡിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. അദ്ദേഹത്തിന്‍റെ അകാലനിര്യാണം സംഗീത ലോകത്തിന് വലിയ നഷ്ടമാണ്. കെ.കെയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ഇന്നലെ രാത്രി കൊൽക്കത്ത നഗരത്തിലെ സംഗീതപരിപാടി കഴിഞ്ഞ് തിരിച്ചെത്തിയ കെ.കെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കെ.കെയുടെ മുഖത്തും തലയിലും മുറിവുകളുണ്ടായിരുന്നെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
കെ.കെയുടെ പോസ്റ്റുമോർട്ടം ഇന്ന് കൊൽക്കത്ത എസ്.എസ്.കെ.എം ആശുപത്രിയിൽ നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കെ.കെ കുഴഞ്ഞുവീണ ഗ്രാൻഡ് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും. ജീവനക്കാരെയും സംഗീതപരിപാടിയുടെ സംഘാടകരെയും വിശദമായി ചോദ്യംചെയ്യും. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം മരണകാരണം വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.