അനുനയ ചർച്ചയിലും വഴങ്ങാതെ സി.എം. ഇബ്രാഹിം; ചില നേതാക്കൾ കൂടെയുണ്ടെന്നും മുന്നറിയിപ്പ്
text_fieldsബംഗളൂരു: കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച മുതിർന്ന നേതാവ് സി.എം. ഇബ്രാഹിമിനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിെൻറ ശ്രമം ഫലം കണ്ടില്ല. നിയമനിർമാണ കൗൺസിൽ മുൻപ്രതിപക്ഷ നേതാവ് എസ്.ആർ. പാട്ടീൽ കഴിഞ്ഞദിവസം ഹുബ്ബള്ളിയിലെ ഹോട്ടലിൽ ചർച്ച നടത്തിയെങ്കിലും സി.എം. ഇബ്രാഹിം വഴങ്ങിയില്ല.
തീരുമാനം പുനഃപരിശോധിക്കണമെന്ന് എസ്.ആർ. പാട്ടീൽ അഭ്യർഥിച്ചെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായാണ് അദ്ദേഹം പ്രതികരിച്ചത്. താൻ പോകുമ്പോൾ കൂടെ ചില നേതാക്കൾ കൂടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം കോൺഗ്രസിന് നൽകി.
സി.എം. ഇബ്രാഹിമിനെ ഉപരിസഭയിൽ പ്രതിപക്ഷ നേതാവാക്കണമായിരുന്നെന്നും രാജിയോടെ നഷ്ടം അദ്ദേഹത്തിന് മാത്രമല്ല; മുസ്ലിം സമുദായത്തിന് കൂടിയാണെന്ന് എസ്.ആർ. പാട്ടീൽ പറഞ്ഞു.
കുറച്ചുകാലമായി കോൺഗ്രസിൽ അവഗണന നേരിടുന്നെന്ന ആരോപണമുയർത്തിയിരുന്ന സി.എം. ഇബ്രാഹിം നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതോടെയാണ് രാജി പരസ്യമായി പ്രഖ്യാപിച്ചത്. ജാതി അധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന് വ്യക്തമാക്കിയ സി.എം. ഇബ്രാഹിം തെൻറ ഭാവി രാഷ്ട്രീയ പദ്ധതികളെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തു. ജെ.ഡി-എസിലാണോ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലാണോ അഖിലേഷ് യാദവിെൻറ സമാജ്വാദി പാർട്ടിയിലാണോ ചേരുന്നതെന്ന് വൈകാതെ വെളിപ്പെടുത്തും.
സിദ്ധരാമയ്യയുടെ ന്യൂനപക്ഷ-പിന്നാക്ക വർഗ-ദലിത് മുന്നേറ്റമായ അഹിന്ദ മൂവ്മെന്റിന് (അൽപസംഖ്യതരു- ഹിന്ദുളിതവരു-ദലിതരു) ബദലായി വടക്കൻ കർണാടകയിൽ ന്യൂനപക്ഷത്തെയും ലിംഗായത്തുകളെയും (അൽപ സംഖ്യതരു-ലിംഗായത്ത്) ഒന്നിപ്പിച്ചുള്ള 'അലിംഗ മൂവ്മെന്റിനും' തെക്കൻ കർണാടകയിൽ ന്യൂനപക്ഷത്തെയും ഗൗഡമാരെയും (അൽപസംഖ്യതരു- ഗൗഡ) ഒന്നിച്ചണിനിരത്തുന്ന 'അഗൗഡ മൂവ്മെന്റിനും' തുടക്കമിടുമെന്നും സി.എം. ഇബ്രാഹിം പറഞ്ഞു. സിദ്ധരാമയ്യക്കെതിരെ രൂക്ഷവിമർശനവും അദ്ദേഹം ഉയർത്തി.
തന്നെ എം.എൽ.സിയാക്കിയത് സിദ്ധരാമയ്യയാണെന്ന് പറയുന്നു. എന്നാൽ, ഞാൻ എം.എൽ.സി സ്ഥാനവും അദ്ദേഹം എം.എൽ.എ സ്ഥാനവും രാജിവെച്ച് ജനവിധി തേടാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. ആരാണെന്ന് ജയിക്കുന്നതെന്ന് കാണാം- സി.എം. ഇബ്രാഹിം പറഞ്ഞു.
കാളകൂട വിഷം കണ്ഠനാളിയിലായ പുരാണ കഥാപാത്രത്തെ പോലെയാണ് ഞാൻ. വർഷങ്ങളായി ഞാൻ നേരിട്ട അപമാനം നിശ്ശബ്ദനായി സഹിക്കുകയായിരുന്നു. ഞാനാരെയെങ്കിലും ശപിച്ചാൽ അവരെ അത് വല്ലാതെ ബാധിക്കും. കോൺഗ്രസിൽ താനുയർത്തിയ വിമർശനങ്ങൾക്ക് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.
താൻ പാർട്ടിവിട്ടാൽ കോൺഗ്രസിൽ ന്യൂനപക്ഷത്തിന് പരിഗണന ലഭിക്കുമെന്ന് ഞാൻ മുമ്പ് സൂചിപ്പിച്ചിരുന്നു. യു.ടി. ഖാദറിനെ നിയമസഭ കക്ഷി ഉപനേതാവായി ഇപ്പോൾ നിയമിച്ചിരിക്കുന്നു. സിദ്ധരാമയ്യയെ മാറ്റി പ്രതിപക്ഷ നേതാവായി യു.ടി. ഖാദറിനെയും ഡി.കെ. ശിവകുമാറിനെ മാറ്റി കെ.പി.സി.സി അധ്യക്ഷനായി തൻവീർ സേട്ടിനെയും നിയമിക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടോ എന്നും സി.എം. ഇബ്രാഹിം ചോദിച്ചു. 2004ൽ സി.എം. ഇബ്രാഹിമും സിദ്ധരാമയ്യയും ഒന്നിച്ചാണ് ജനതാദളിൽനിന്ന് പുറത്തുവരുന്നത്. പിന്നീട് സിദ്ധരാമയ്യ ദലിത്-പിന്നാക്ക വിഭാഗ-ന്യൂനപക്ഷ കൂട്ടായ്മയായ അഹിന്ദ മൂവ്മെൻറുമായി രംഗത്തുവന്നപ്പോൾ ഇബ്രാഹിം ഒപ്പംനിന്നു. ഇരുവരും പിന്നീട് കോൺഗ്രസിൽ ചേർന്നു.
എന്നാൽ, 2013ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുകയും ഇബ്രാഹിം തെരഞ്ഞെടുപ്പിൽ തോൽവി വഴങ്ങുകയും ചെയ്തു. 2018ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യയെ തോൽപിക്കാൻ ജെ.ഡി-എസും ബി.ജെ.പിയും കൈകോർത്തപ്പോൾ ബദാമിയിൽ സീറ്റിൽ മത്സരിക്കാൻ നിർദേശിക്കുകയും പ്രചാരണം നയിക്കുകയും ചെയ്ത താനാണ് സിദ്ധരാമയ്യക്ക് രാഷ്ട്രീയ പുനർജന്മമേകിയതെന്ന് സി.എം. ഇബ്രാഹിം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നേതൃസ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ പിന്നീട് ഇരുവരും അകലുകയായിരുന്നു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിക്കാമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.എം. ഇബ്രാഹിം പാർട്ടി വിടില്ലെന്ന് നിയമസഭ കക്ഷി ഉപനേതാവായി നിയമിതനായ യു.ടി. ഖാദർ പ്രതികരിച്ചു. തെൻറ നിയമനവും സി.എം. ഇബ്രാഹിമിെൻറ അസ്വാരസ്യവും തമ്മിൽ ബന്ധമില്ലെന്നും യു.ടി. ഖാദർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.