സി.എം. ഇബ്രാഹിം കർണാടക ജെ.ഡി-എസ് അധ്യക്ഷൻ
text_fieldsബംഗളൂരു: മലയാളിയായ മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിമിനെ ജനതാദൾ സെക്കുലറിന്റെ കർണാടക അധ്യക്ഷനായി തെരഞ്ഞെടുത്തു. ബംഗളൂരുവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇബ്രാഹിം ചുമതലയേറ്റു. അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും ചേർന്ന് പാർട്ടി പതാക കൈമാറി.
കോൺഗ്രസിൽ താൻ തഴയപ്പെടുന്നു എന്ന ആരോപണം ഉന്നയിച്ച ഇബ്രാഹിം നിയമനിർമാണ കൗൺസിൽ അംഗത്വം രാജിവെച്ചാണ് ജെ.ഡി-എസിൽ ചേർന്നത്. പലതവണ കോൺഗ്രസിൽ വിമതസ്വരം ഉയർത്തിയ ഇബ്രാഹിം ഉപരിസഭയിൽ പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് തന്നെ തഴഞ്ഞ് ബി.കെ. ഹരിപ്രസാദിനെ എ.ഐ.സി.സി നിയമിച്ചതോടെ കഴിഞ്ഞമാസം രാജി പ്രഖ്യാപിക്കുകയായിരുന്നു.
മുസ്ലിം വോട്ടുകൾ ജെ.ഡി-എസിൽനിന്ന് അകന്നുപോകുന്നുവെന്ന നിരീക്ഷണത്തിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ് കർണാടക ജെ.ഡി-എസിലെ തലമാറ്റം. എച്ച്.ഡി. കുമാരസ്വാമിയുടെ നിഴലിലായിരുന്ന മുൻ സംസ്ഥാന അധ്യക്ഷൻ എച്ച്.കെ. കുമാരസ്വാമി ശനിയാഴ്ച ദേവഗൗഡക്ക് രാജിക്കത്ത് കൈമാറി.
ഇദ്ദേഹത്തെ ജെ.ഡി-എസ് പാർലമെന്ററി ബോർഡ് ചെയർമാനായി നിയമിച്ചു. ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കാനല്ല, സംസ്ഥാനത്തെ സാമുദായിക സൗഹാർദം തിരികെ കൊണ്ടുവരാനാണ് ജെ.ഡി-എസിന്റെ ശ്രമമെന്നും എല്ലാ സമുദായക്കാരും സമാധാനത്തോടെ ഇവിടെ കഴിയേണ്ടതുണ്ടെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
1994ലെ വിജയം ആവർത്തിക്കാൻ ജെ.ഡി-എസിനെ സഹായിക്കണമെന്നാണ് ജനങ്ങളോടുള്ള അഭ്യർഥനയെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 123 സീറ്റ് നേടി എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യമെന്നും ചുമതലയേറ്റ സി.എം. ഇബ്രാഹിം പറഞ്ഞു.
കണ്ണൂരിൽ വേരുള്ള സി.എം. ഇബ്രാഹിം കോൺഗ്രസിന്റെ രാഷ്ട്രീയ ജാഥകളിലെ പ്രസംഗവേദിയിൽ തിളങ്ങിയാണ് നേതാക്കളുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. 1967ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എസ്. നിജലിംഗപ്പയുടെ രാഷ്ട്രീയ പ്രചാരണവേദികളിൽ കത്തിക്കയറുമ്പോൾ അദ്ദേഹത്തിന് പ്രായം 12. ഭദ്രാവതിയിൽനിന്ന് കോൺഗ്രസിലാണ് രാഷ്ട്രീയ തുടക്കം. 1978ൽ ജനതാപരിവാർ സഖ്യത്തിൽ ചേർന്ന് എം.എൽ.എയായി.
തുടർന്ന് കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും ഓൾ ഇന്ത്യ പ്രോഗ്രസിവ് ജനതാദളിലും പിന്നീട് 1994ൽ ജെ.ഡി-എസിലും ചേക്കേറി. ദേവഗൗഡയുടെ വലംകൈയായി മാറിയ ഇബ്രാഹിം 1996ൽ അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ കേന്ദ്രമന്ത്രിയായി. ഐ.കെ. ഗുജ്റാൽ മന്ത്രിസഭയിലും പദവി കാത്തു. എന്നാൽ, 2005ൽ സിദ്ധരാമയ്യക്കൊപ്പം ജെ.ഡി-എസ് വിട്ട അദ്ദേഹം 2008ൽ കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.