പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന്; കർണാടകയിലെ കോൺഗ്രസ് നേതാവ് സി.എം. ഇബ്രാഹിം പാർട്ടി വിട്ടു
text_fieldsബംഗളൂരു: മുൻ കേന്ദ്ര മന്ത്രിയും മലയാളിയുമായ സി.എം. ഇബ്രാഹിം കോൺഗ്രസിൽനിന്ന് രാജി പ്രഖ്യാപിച്ചു. പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി മാസങ്ങൾക്കു മുമ്പുതന്നെ പാർട്ടിവിടാൻ മാനസികമായി ഒരുങ്ങിയിരുന്ന സി.എം. ഇബ്രാഹിം പല തവണ ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കർണാടക നിയമ നിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവായി ബി.കെ. ഹരിപ്രസാദിനെ കോൺഗ്രസ് ഹൈക്കമാൻഡ് കഴിഞ്ഞദിവസം നിയമിച്ചതോടെയാണ് സി.എം. ഇബ്രാഹിം രാജി പ്രഖ്യാപിച്ചത്. ബി.കെ. ഹരിപ്രസാദ് ജൂനിയറാണെന്നും അദ്ദേഹത്തിന് കീഴിൽ താൻ എങ്ങനെയാണ് പ്രവർത്തിക്കുകയെന്നും അദ്ദേഹം ചോദിച്ചു. അടുത്ത കൗൺസിൽ സമ്മേളനത്തിൽ തന്റെ ഉപരിസഭാംഗത്വം രാജിവെക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
1996ൽ എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെ വ്യോമയാനം, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. പിന്നാക്ക വിഭാഗ നേതാവായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ദേവഗൗഡയെ വിട്ട് കോൺഗ്രസിൽ വന്നതെന്ന് സി.എം. ഇബ്രാഹിം പറഞ്ഞു. കർണാടകയിലെ ആദ്യ ബി.ജെ.പി സർക്കാറിന്റെ കാലത്ത് നടന്ന ഖനി അഴിമതിക്കെതിരെ ബെള്ളാരിയിലേക്ക് സിദ്ധരാമയ്യ പദയാത്ര നടത്തിയാണ് മുഖ്യമന്ത്രി പദത്തിലേറിയത്. ഈ പദയാത്രക്ക് ചുക്കാൻ പിടിച്ചത് സി.എം. ഇബ്രാഹിമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.