കർണാടക ഗവർണർക്കെതിരെ മുഖ്യമന്ത്രി ഇന്ന് കോടതിയെ സമീപിച്ചേക്കും
text_fieldsബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ)ക്ക് കീഴിലെ ഭൂമി ഇടപാടിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് തന്നെ വിചാരണ ചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ് ലോട്ട് നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിലാകും ഹരജി സമർപ്പിക്കുക. ഭരണഘടനാ പദവിയായ ഗവർണറുടെ അധികാരങ്ങളടക്കം ചർച്ചയായേക്കാവുന്ന കേസ് സിദ്ധരാമയ്യക്കായി മുതിർന്ന സുപ്രീംകോടതി അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിങ്വി എന്നിവർ നയിക്കും. തിങ്കളാഴ്ച ഇരുവരും ബംഗളൂരുവിലെത്തി മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണുമെന്നാണ് വിവരം.
മുഖ്യമന്ത്രിക്കെതിരെ വിചാരണക്ക് അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗഹ് ലോട്ടിന്റെ ഇരട്ട നയവും നിയമ പോരാട്ടത്തിൽ പ്രധാന ചർച്ചയാവും. ഇരുമ്പയിര് ഖനന അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ വിചാരണ ചെയ്യാൻ അനുമതി തേടി 2023 നവംബറിൽ ഗവർണറെ ലോകായുക്ത സമീപിച്ചിരുന്നു. ആയിരക്കണക്കിന് കോടികളുടെ അഴിമതിയാണ് നടന്നതെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടിയിട്ടും ഗവർണർ നടപടി സ്വീകരിച്ചില്ലെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടുന്നു. മുൻ ബി.ജെ.പി മന്ത്രി മുരുകേഷ് നിറാനിക്കെതിരെ വിചാരണക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ ലോകായുക്ത നൽകിയ കത്തിലും മുൻ ബി.ജെ.പി മന്ത്രിമാരായ ഗാലി ജനാർദന റെഡ്ഡി, ശശികല ജോലെ എന്നിവർക്കെതിരായ കത്തിലും ഗവർണർ നടപടിയെടുത്തിട്ടില്ല. 2021 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പൊതുമാർഗ രേഖ (എസ്.ഒ.പി) പ്രകാരം ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. അഴിമതി തടയൽ നിയമത്തിലെ 17എ വകുപ്പു പ്രകാരം വരുന്ന കേസുകളിൽ, മുഖ്യമന്ത്രിക്കെതിരെ പരാതിയുണ്ടെങ്കിൽ ഡയറക്ടർ ജനറലോ തത്തുല്യ പദവിയുള്ള പൊലീസ് ഓഫിസറോ മുൻകൂർ അനുമതി തേടിയ ശേഷം മാത്രമേ തുടർ നടപടി സ്വീകരിക്കാവൂ എന്നതാണ് കേന്ദ്ര മാർഗരേഖ. ഇത് ലംഘിക്കപ്പെട്ടതായും തനിക്കെതിരെ ധിറുതിപിടിച്ച നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഡ കേസുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യക്കെതിരെ ഇതുവരെ ഒരു അന്വേഷണ ഏജൻസിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലയാളി വിവരാവകാശ പ്രവർത്തകൻ ടി.ജെ. അബ്രഹാം നേരത്തെ ലോകായുക്തയിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതോടെ ലോകായുക്തക്ക് ഇനി കേസെടുക്കാനാവും.
ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച കോൺഗ്രസ് കർണാടകയിൽ പ്രതിഷേധം സംഘടിപ്പിക്കും. താലൂക്ക്, ജില്ല തലങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ഗവർണർക്കെതിരെ കൂട്ട നിവേദനം സംഘടിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയക്കും. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിധാൻസൗധ ഹാളിൽ കോൺഗ്രസ് നിയമസഭ കക്ഷിയോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.