ബുദ്ഗാം സീറ്റ് രാജിവെച്ച് ഉമർ അബ്ദുല്ല; ഗന്ദർബാൽ മണ്ഡലം നിലനിർത്തും
text_fieldsശ്രീനഗർ: നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്ന് നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷനും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല കൈവിട്ടു. ബുദ്ഗാം സീറ്റാണ് ഉമർ അബ്ദുല്ല രാജിവെച്ചത്. അതേസമയം, പരമ്പരാഗത മണ്ഡലമായ ഗന്ദർബാൽ നിലനിർത്തും.
ഇതോടെ, നാഷനൽ കോൺഫറൻസിന്‍റെ സീറ്റ് നില 41 ആയി കുറഞ്ഞു. ഗന്ദർബാൽ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് വഴിതെളിഞ്ഞു.
ബുദ്ഗാം മണ്ഡലത്തിൽ നിന്ന് വിജയിച്ച ഉമർ അബ്ദുല്ല രാജിവെച്ചതായി പ്രൊടേംസ്പീക്കർ മുബാറക്ക് ഗുൽ ആണ് നിയമസഭയെ അറിയിച്ചത്. പൂഞ്ച് മണ്ഡലത്തിലെ നാഷനൽ കോൺഫറൻസ് എം.എൽ.എ അജാസ് ജാൻ ഈ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു.
ബുദ്ഗാം സീറ്റിൽ 18,485 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പി.ഡി.പിയുടെ സെയ്ത് മുന്ദസിർ മെഹ്ദിയെ ഉമർ അബ്ദുല്ല പരാജയപ്പെടുത്തിയത്. ഗന്ദർബാലിൽ പി.ഡി.പിയുടെ തന്നെ ബാഷിർ അഹ്മദ് മിറിനെ 10,574 വോട്ടിനും തോൽപിച്ചു. 2009 മുതൽ 2014 വരെ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ ഉമർ അബ്ദുല്ല, ഗന്ദർബാൽ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.
ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളായി നടന്ന നിയമസഭ തെരഞ്ഞെടുപ്പ് വൻ വിജയം നേടി നാഷനൽ കോൺഫറസ് -കോൺഗ്രസ് സഖ്യം അധികാരം പിടിച്ചിരുന്നു. 90 അംഗ നിയമസഭയിൽ 42 സീറ്റുകളുമായി നാഷനൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
കോൺഗ്രസിന് ആറ് സീറ്റ് ലഭിച്ചു. ബി.ജെ.പി 29 സീറ്റുകൾ നേടിയപ്പോൾ മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പി മൂന്നും സജാത് ലോണിന്‍റെ പീപ്പിൾ കോൺഫറൻസ്, എ.എ.പി, സി.പി.എം എന്നിവ ഓരോ സീറ്റ് വീതവും സ്വന്തമാക്കി. സ്വതന്ത്രർ ഏഴ് സീറ്റുകളിലും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.