മുഖ്യമന്ത്രിയെ മാറ്റണം: മന്ത്രിമാരും സ്പീക്കറുമടക്കം മണിപ്പൂരിൽ 19 ബി.ജെ.പി എം.എൽ.എമാർ മോദിക്ക് കത്തയച്ചു
text_fieldsഗുവാഹതി: സംഘർഷഭരിതമായ മണിപ്പൂരിൽ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് ഭരണകക്ഷിയായ ബി.ജെ.പിയുടെ മന്ത്രിമാരും എം.എൽ.എ മാരും മുഖ്യമന്ത്രിക്കെതിരെ രംഗത്തു വന്നു.
മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെ മാറ്റണമെന്നും പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എം.എൽ.എ മാർ കത്തയച്ചു. നിയമസഭ സ്പീക്കർ തോക്‌ചോം സത്യവ്രത് സിങ്, മന്ത്രിമാരായ തോംഗം വിശ്വജിത് സിങ്, യുംനാം ഖേംചന്ദ് സിങ് എന്നിവരും ഒപ്പിട്ടവരിൽ പെടുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മെയ്തേയ്, കുക്കി, നാഗാ വിഭാഗം എം.എൽ.എമാർ ഡൽഹിയിൽ ചൊവ്വാഴ്ച ചേർന്ന യോഗത്തെ തുടർന്നാണ് ഈ നീക്കം. അഞ്ച് ഭരണകക്ഷി എം.എൽ.എമാർ ബുധനാഴ്ച പ്രധാനമന്ത്രിക്ക് കത്ത് കൈമാറി. കുക്കി, മെയ്തേയ് വിഭാഗക്കാർ തമ്മിലുള്ള സംഘർഷത്തിൽ മണിപ്പൂരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. സംഘർഷഭരിതമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ എം.എൽ.എമാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.
മുഖ്യമന്ത്രിയെ അടിയന്തിരമായി മാറ്റണം. വേഗത്തിലുള്ള പരിഹാരം കണ്ടില്ലെങ്കിൽ എം.എൽ.എ സ്ഥാനം രാജിവെക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. സുരക്ഷാ സേനയെ വിന്യസിച്ചാൽ മാത്രം പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നാണ് ഒപ്പിട്ടവരുടെ വാദം. എല്ലാ കക്ഷികളുമായും സമാധാന ചർച്ചകൾ ആരംഭിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.