മാസപ്പടി കേസ്; എസ്.എഫ്.ഐ.ഒക്ക് നോട്ടീസയച്ച് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടിക്കേസിൽ തുടർനടപടികൾ തടയണമെന്ന സി.എം.ആർ.എൽ ഹരജിയിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനും (എസ്.എഫ്.ഐ.ഒ) കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും നോട്ടീസയച്ച് ഡൽഹി ഹൈകോടതി. ചൊവ്വാഴ്ച മറുപടി നൽകാനാണ് നിർദേശം. ഹരജിയിൽ വീണ്ടും ബുധനാഴ്ച വാദം കേൾക്കും.
അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ നല്കിയ പ്രധാന ഹരജിയും ബുധനാഴ്ച പരിഗണിക്കും. ഹരജി തീര്‍പ്പാക്കുംവരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈകോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തേ വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സി.എം.ആർ.എലിനായി ഓൺലൈനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹരജി നിലനിൽക്കുമോ എന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് ഗിരീഷ് കപ്താൽ ചോദിച്ചു.
കേസില്‍ എസ്.എഫ്.ഐ.ഒ കുറ്റപത്രം നല്കി വിചാരണ തുടങ്ങാനിരിക്കെയാണ് സി.എം.ആർ.എല്ലിന്റെ നീക്കം. എസ്.എഫ്.ഐ.ഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്നും കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷന് അനുമതി നല്‍കിയോ എന്നതിലും വ്യക്തത വരുത്തണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹൈകോടതിയുടെ അനുമതിയില്ലാതെ പ്രോസിക്യൂഷന് നടപടി ആരംഭിക്കരുത്.
റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും മുമ്പ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണം. എസ്.എഫ്.ഐ.ഒ നീക്കം ദുരുദ്ദേശ്യപരമാണെന്നും സി.എം.ആർ.എല്‍ ഹരജിയില്‍ ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.