സി.എൻ.ജി വിതരണം വെട്ടിക്കുറച്ചു; വിലക്കയറ്റത്തിന് സാധ്യത
text_fieldsന്യൂഡൽഹി: നഗരങ്ങളിൽ പൈപ്പ് വഴിയുള്ള പാചകവാതക വിതരണത്തിനും വാഹനങ്ങൾക്കും ഉപയോഗിക്കുന്ന സമ്മർദിത പ്രകൃതി വാതകത്തിന്റെ (സി.എൻ.ജി) വിതരണം സർക്കാർ വെട്ടിക്കുറച്ചു. ഇതോടെ, എക്സൈസ് തീരുവ കുറക്കുന്നില്ലെങ്കിൽ സി.എൻ.ജി വില കിലോഗ്രാമിന് നാലുരൂപ മുതൽ ആറുരൂപ വരെ വർധിക്കാൻ വഴിയൊരുങ്ങി. ആസന്നമായ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഇക്കാര്യം ചൂടേറിയ പ്രചാരണ വിഷയമാകുമെന്നാണ് വിലയിരുത്തൽ.
നഗരങ്ങളിൽ സി.എൻ.ജി വിതരണം ചെയ്യുന്ന മഹാനഗർ ഗാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് തുടങ്ങിയ കമ്പനികൾക്ക് നൽകുന്ന പ്രകൃതി വാതകത്തിൽ 20 ശതമാനത്തോളമാണ് കുറവ് വരുത്തിയത്. ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന ചെലവ് കുറഞ്ഞ പ്രകൃതിവാതകമാണ് ഈ കമ്പനികൾക്ക് നൽകിവന്നിരുന്നത്. ആഭ്യന്തര ഉൽപാദനം കുറയുന്നതാണ് വിതരണം വെട്ടിക്കുറക്കാൻ കാരണം.
വീടുകളിലേക്ക് പൈപ്പ് വഴി നൽകുന്ന പാചകവാതകത്തെ വെട്ടിക്കുറക്കൽ ബാധിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, വാഹനങ്ങൾക്കുള്ള വിതരണത്തിന് ഇറക്കുമതി ചെയ്യുന്ന വിലകൂടിയ ദ്രവീകൃത പ്രകൃതി വാതകത്തെ (എൽ.എൻ.ജി) ആശ്രയിക്കേണ്ടിവരും. ഇത് വിലക്കയറ്റത്തിന് വഴിവെക്കും. പ്രശ്ന പരിഹാരത്തിന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയവുമായി ചർച്ച നടക്കുന്നതിനാൽ കമ്പനികൾ ഇതുവരെ വില ഉയർത്തിയിട്ടില്ല.
എക്സൈസ് തീരുവയിൽ കുറവ് വരുത്തുക എന്നതാണ് വിലക്കയറ്റം തടയാനുള്ള പോംവഴി. നിലവിൽ സി.എൻ.ജിക്ക് 14 ശതമാനമാണ് എക്സൈസ് തീരുവ. കിലോഗ്രാമിന് 14-15 രൂപയോളം വരും ഇത്. എക്സൈസ് തീരുവ കുറച്ചാൽ വിലക്കയറ്റത്തിന്റെ ഭാരം ഒഴിവാകും.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ സി.എൻ.ജി വിലക്കയറ്റം ഭരണകക്ഷിയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. അടുത്തവർഷം നടക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലും വിഷയം ആളിക്കത്തും. മുംബൈയും ഡൽഹിയുമാണ് രാജ്യത്തെ ഏറ്റവും വലിയ സി.എൻ.ജി വിപണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.