സി.എൻ.ജി വിലകുറയും; വാറ്റ് 13.5ൽ നിന്ന് മൂന്ന് ശതമാനമാക്കി മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് എണ്ണക്കമ്പനികൾ ഇന്ധന വില വർധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പലരും പെട്രോൾ-ഡീസൽ വാഹനങ്ങൾ വിട്ട് സി.എൻ.ജി വാഹനങ്ങളിലേക്ക് മാറുകയാണ്. ഇപ്പോൾ മഹാരാഷ്ട്രയിലെ സി.എൻ.ജി ഉപയോക്താക്കൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്.
സംസ്ഥാന സർക്കാർ മൂല്യവർധിത നികുതി (വാറ്റ്) 13.5 ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമാക്കി കുറച്ചതോടെ സി.എൻ.ജിക്ക് മഹാരാഷ്ട്രയിൽ വിലകുറയും. മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റ് ഭാഗങ്ങളിലും സി.എൻ.ജി കിലോക്ക് എട്ട് രൂപവെച്ചാണ് കുറയുക.
തലസ്ഥാന നഗരമായ മുംബൈയിൽ വില കിലോക്ക് 66 രൂപയിൽ നിന്ന് 58 രൂപയായി കുറയും. തീരനഗരമായ രത്നഗിരിയിൽ വില 82.90 രൂപയിൽ നിന്ന് 74.90 രൂപയായി.
സി.എൻ.ജി വില കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാർ 2022-23 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.
സി.എൻ.ജിയുടെ വാറ്റ് വെട്ടിക്കുറച്ചതിലൂടെ സർക്കാരിന് 800-1000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പവാർ പറഞ്ഞു. വാറ്റ് വെട്ടിക്കുറയ്ക്കാനുള്ള നീക്കം വഴി പരിസ്ഥിതി സൗഹൃദ പ്രകൃതിവാതകത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.