Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപണംവാരുന്ന...

പണംവാരുന്ന വ്യവസായങ്ങളായി കോച്ചിംഗ് കേന്ദ്രങ്ങൾ; നിയന്ത്രിക്കണമെന്ന് ആവശ്യം

text_fields
bookmark_border
പണംവാരുന്ന വ്യവസായങ്ങളായി കോച്ചിംഗ് കേന്ദ്രങ്ങൾ; നിയന്ത്രിക്കണമെന്ന് ആവശ്യം
cancel
camera_alt

വിദ്യാർഥികൾ മുങ്ങിമരിച്ച ഡൽഹിയിലെ റാവു ഐ.എ.എസ് സ്റ്റഡി സർക്കിളിന് പുറത്ത് ശനിയാഴ്ച സഹപാഠികൾ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചപ്പോൾ                            - പടം: പി.ടി.ഐ


ന്യൂഡൽഹി: രാജ്യത്തുടനീളം എൻട്രൻസ്​ കോച്ചിംഗ് വ്യവസായം കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ഇരട്ടിയിലധികം വർധിച്ചതായും പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇതിന് ബലം പകർന്നതായും റിപ്പോർട്ട്. കേന്ദ്ര സർക്കാർ പാർലമെന്‍റിൽ നൽകിയ കണക്കുകളുടെ വിശകലത്തിൽ നിന്നാണ് ഇത് സംബന്ധിച്ച വിവരം പുറത്തായത്. കഴിഞ്ഞ ജൂലൈ 24ന് കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി സുകാന്ത മജുംദാർ രാജ്യസഭയിൽ മറുപടിയായി എഴുതി നൽകിയ കോച്ചിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടുകളിൽ നിന്നുള്ള ജി.എസ്​.ടി വരുമാനത്തി​ന്‍റെ കണക്കുകൾ ആണ് ഇതിന്നാധാരം. വിദ്യാർഥികളുടെ ഫീസി​ന്‍റെ 18 ശതമാനം നികുതിയിനത്തിൽ സർക്കാറിന് വരുമാനമായി ലഭിക്കും.

പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പിലാക്കിയ വർഷമായ 2020–21വർഷം കോച്ചിങ് വ്യവസായം 12,307 കോടി രൂപയുടെ ബിസിനസാണ് നടത്തിയത്. 2023–24ൽ 30,653 കോടി രൂപയുടെ ബിസിനസ്​ നടത്തി രണ്ടര മടങ്ങോളം കുതിച്ചുചാട്ടം രേഖപ്പെടുത്തി. 2024–25 ലെ ബജറ്റിൽ ഉന്നതവിദ്യാഭ്യാസത്തിനായി സർക്കാർ വകയിരുത്തിയ 47,620 കോടി രൂപയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും വിദ്യാർഥികൾ കോച്ചിംഗിനായി ചെലവഴിക്കുന്നുവെന്നും ഇത് വ്യകതമാക്കുന്നു.

എൻ.ഇ.പി േപ്രാത്സാഹിപ്പിക്കുന്ന കേന്ദ്രീകൃത പ്രവേശന പരീക്ഷകളാണ് കോച്ചിംഗി​ന്‍റെ വ്യാപനത്തിന് പ്രധാന കാരണമെന്ന് അധ്യാപക സംഘടനകൾ ആരോപിക്കുന്നു. ഇത് സാധാരണ സ്​കൂൾ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും അവർ പറയുന്നു.

കോച്ചിംഗ് സെന്‍ററുകളിൽ നിന്നുള്ള ജി.എസ്​.ടിയുടെ അമ്പരപ്പിക്കുന്ന വർധന വളരുന്ന ഈ കച്ചവട വിപണിയെ ഭാഗികമായേ തുറന്നു കാണിക്കുന്നുള്ളൂവെന്ന് മുതിർന്ന കോൺഗ്രസ്​ നേതാവ് ജയറാം രമേഷ് ‘എക്സിൽ’ പ്രതികരിച്ചു. കുപ്രസിദ്ധമായ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ കച്ചവടത്തെ ജി.സ്​.ടി കണക്കുകൾ കുറച്ചുകാണിക്കാനും സാധ്യതയുണ്ട്. ഇത്തരം ഇൻസ്റ്റിറ്റ്യൂട്ടുകൾ കൂണുകൾ പോലെ മുളച്ചുപൊന്തുന്ന പ്രശ്നത്തിന് ഇന്ത്യക്ക് സമഗ്രമായ നയപരമായ പരിഹാരം ആവശ്യമാണെന്നും ‘എക്സി’ൽ ജയറാം രമേശ് എഴുതി. ‘സിലബസ്​ പരിഷ്കരിക്കുകയും സ്​കൂൾ പാഠ്യപദ്ധതിക്ക് അനുസൃതമായി കൊണ്ടുവരികയും വേണം. വിദ്യാഭ്യാസമേഖലയിൽ അതി​ന്‍റെ ഗുണനിലവാരത്തിനായി നിക്ഷേപം നടത്തുകയും പരീക്ഷ എഴുതുന്ന എല്ലാവർക്കും കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുവെ രാജ്യത്തെ ബിസിനസുകൾ പോലെ ഇന്ത്യയിലെ സ്വകാര്യ കോച്ചിംഗ് സെന്‍ററുകൾ അവരുടെ യഥാർഥ വരുമാനത്തേക്കാൾ വളരെ കുറവ് വരുമാനമാണ് കാണിക്കുന്നതെന്ന് വിരമിച്ച ജെ.എൻ.യു പ്രഫസർ രാജീവ് കുമാർ പറഞ്ഞു. വിദ്യാർഥികളുടെ ഫീസിൽനിന്നുള്ള കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സംയോജിത വരുമാനം 30,000 കോടിയേക്കാൾ വളരെ കൂടുതലായിരിക്കണമെന്നും കുമാർ പറഞ്ഞു.

രാജ്യത്ത് കോച്ചിംഗ് വ്യവസായം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നതിൽ സംശയമില്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ ആവശ്യവും വിതരണവും തമ്മിലുള്ള വ്യത്യാസമാണ് പ്രധാന കാരണം. അതിനാൽ, ഒരു നല്ല സ്​ഥാപനത്തിലേക്ക് പ്രവേശനം നേടുമ്പോൾ ഫീസും വളരെ ഉയർന്നതാകും -കുമാർ പറഞ്ഞു.

പണക്കിലുക്കം കൂടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ചില കോച്ചിംഗ് സെന്‍ററുകൾ ലഭ്യമാക്കുന്ന മോശം സൗകര്യങ്ങളെക്കുറിച്ചും ഏറെ പരാതികൾ ഉയരുന്നുണ്ട്. ഡൽഹിയിലെ റാവു ഐ.എ.എസ്​ സ്റ്റഡി സർക്കിളിലെ ബേസ്​മെൻറിലെ ലൈബ്രറിയിലേക്ക് തെരുവിൽനിന്ന് വെള്ളംകയറി മൂന്ന് സിവിൽ സർവിസുകാർ മുങ്ങിമരിച്ചത് കഴിഞ്ഞ മാസമാണ്.

മോശം കോച്ചിങ് സ്​ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്​ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് കേന്ദ്ര മന്ത്രി മജുംദാറി​ന്‍റെ വാദം. ഇക്കാര്യം വ്യകതമാക്കി വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ജനുവരി 16ന് സംസ്​ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കോച്ചിംഗ് സെന്‍റർ നിയന്ത്രിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിലായതിനാൽ, സംസ്​ഥാന– കേന്ദ്ര ഭരണ സർക്കാറുകൾ ഉചിതമായ നിയമ ചട്ടക്കൂട് വഴി തുടർ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:b.j.pneetnational education policyJEEnepI.A.Scoaching centres
News Summary - Coaching: A masterclass in minting money, blame on centralised entrance tests promoted by NEP
Next Story