കൽക്കരി ഇറക്കുമതി: അദാനി ജനങ്ങളുടെ 12000 കോടി തട്ടിയെടുത്തെന്ന് രാഹുൽ ഗാന്ധി
text_fields
ന്യൂഡൽഹി: കൽക്കരി ഇറക്കുമതിയിൽ അദാനി ഗ്രൂപ്പ് 12,000 കോടി രൂപ കബളിപ്പിച്ചെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനി ഗ്രൂപ്പ് വിപണി മൂല്യത്തേക്കാൾ കൂടുതൽ വിലയ്ക്ക് കൽക്കരി ഇറക്കുമതി ചെയ്തതായി തെളിയിക്കുന്ന ഫൈനാൻഷ്യൽ ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു.
അദാനി ഇന്തോനേഷ്യയിൽ നിന്ന് കൽക്കരി വാങ്ങി, ഇന്ത്യയിലെത്തിയപ്പോൾ അതിന്റെ വില ഇരട്ടിയായെന്നും റിപ്പോർട്ട് ഉദ്ധരിച്ച് രാഹുൽ ഗാന്ധി ആരോപിച്ചു. കൽക്കരിയുടെ ഈ അമിത വില രാജ്യത്തെ വൈദ്യുതി നിരക്കിനെ ബാധിക്കുകയും ഉപഭോക്താക്കൾ ഉയർന്ന വൈദ്യുതി ബില്ലുകൾ അടയ്‌ക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഈ സംഭവം ലോകത്തെ ഏത് സർക്കാരിനെയും താഴെയിറക്കുമായിരുന്നുവെന്നും എന്നാൽ ഇന്ത്യയിൽ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അദാനി വിഷയത്തിൽ അന്വേഷണം ആരംഭിച്ച് തന്റെ വിശ്വാസ്യത സംരക്ഷിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി മോഡിയോട് ആവശ്യപ്പെട്ടു. താൻ പ്രധാനമന്ത്രിയെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. അന്വേഷണം ആരംഭിച്ച് അദ്ദേഹത്തിന്റെ വിശ്വാസ്യത സംരക്ഷിക്കണം. പ്രധാനമന്ത്രി എന്തിനാണ് മൗനം പാലിക്കുന്നത്. അദാനിക്ക് പിന്നിൽ ഏത് ശക്തിയാണെന്ന് എല്ലാവർക്കും അറിയാം. അദാനിക്ക് സർക്കാരിന്റെ പൂർണ്ണ സംരക്ഷണമുണ്ട്, അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.