കൽക്കരി ഇറക്കുമതിക്കൊരുങ്ങി കോൾ ഇന്ത്യ
text_fieldsന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള കോൾ ഇന്ത്യ, കൽക്കരി ഇറക്കുമതിക്ക് ഒരുങ്ങുന്നു. ഊർജ പ്രതിസന്ധി രൂക്ഷമായ വൈദ്യുത മുടക്കത്തിലേക്ക് നയിക്കുമെന്നതിനാലാണ് കൽക്കരി ഇറക്കുമതി ചെയ്യാൻ കോൾ ഇന്ത്യ നിർബന്ധിതരായിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കൽക്കരി ഖനന സംസ്കരണ സ്ഥാപനമാണ് കോൾ ഇന്ത്യ. 2015നു ശേഷം ആദ്യമായാണ് കൽക്കരി ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ ആറു വർഷത്തിനിടെ രാജ്യം നേരിട്ട ഏറ്റവും രൂക്ഷമായ വൈദ്യുത മുടക്കം ഏപ്രിലിലായിരുന്നു. അത് ആവർത്തിക്കാതിരിക്കാനാണ് കൽക്കരി ഇറക്കുമതി ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.
സർക്കാറുകൾ തമ്മിലാണ് കൽക്കരി കൈമാറ്റം നടക്കുക. സംസ്ഥാനങ്ങളിലെ താപ വൈദ്യുത നിലയങ്ങൾക്കും ഊർജ ഉത്പാദകർക്കും സർക്കാർ വഴി കൽക്കരി ലഭ്യമാക്കാമെന്ന് ഊർജ മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
2022ന്റെ മൂന്നാം പാദത്തിൽ തന്നെ വലിയ രീതിയിലുള്ള ഊർജ ക്ഷാമം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ സമയമാകുമ്പോഴേക്കും ഊർജ ഉപയോഗം വളരെയധികം വർധിക്കാനും അത് വ്യാപകമായ വൈദ്യുതി മുടക്കത്തിനിടയാക്കാനും സാധ്യത ഉണ്ട്. അത് മുന്നിൽ കണ്ടാണ് നടപടി.
വിവിധ സംസ്ഥാനങ്ങൾ സ്വയമേവ കൽക്കരി ഇറക്കുമതിക്കായി അനുമതി ചോദിക്കുകയും വിവിധ ടെണ്ടറുകളിൽ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിരവധി ടെൻഡറുകൾ ഉണ്ടാക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിനാണ് കേന്ദ്രം നേരിട്ട് കൽക്കരി ഇറക്കുമതിക്ക് തീരുമാനിച്ചത്. തുടർന്ന് കോൾ ഇന്ത്യ വഴി കൽക്കരി ഇറക്കുമതി ചെയ്ത് സംഭരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനങ്ങളുടെ കൽക്കരി ഇറക്കുമതി ടെൻഡർ നിർത്തിവെക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാറുകൾക്കുള്ള കൽക്കരി വിതരണത്തിന് കോൾ ഇന്ത്യ നിരക്ക് നിശ്ചയിക്കുന്നത് വരെ കാത്തിരിക്കണമെന്നും അതുവരെ സംസ്ഥാനങ്ങൾ കൽക്കരി ഇറക്കുമതിക്കായി നടത്തുന്ന ടെൻഡറുകൾ നിർത്തിവെക്കണമെന്നുമാണ് മന്ത്രാലയം ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.