കൽക്കരി ക്രമക്കേട്: ചീഫ് ജസ്റ്റിസിന് 21 രാജ്യാന്തര സംഘടനകളുടെ കത്ത്
text_fieldsന്യൂഡൽഹി: ഇന്തോനേഷ്യയിൽനിന്ന് ഇറക്കുമതി ചെയ്ത നിലവാരം കുറഞ്ഞ കൽക്കരി അമിത വിലക്ക് ഇന്ത്യയിൽ വിൽപന നടത്തിയതിന് അദാനി ഗ്രൂപ്പിനെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) നടത്തുന്ന അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് 21 രാജ്യാന്തര സംഘടനകൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ചു. നിലവാരം കുറഞ്ഞ കൽക്കരി 2013ൽ അദാനി ഗ്രൂപ് കൂടിയ വിലക്ക് വിൽപന നടത്തിയെന്ന് ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കത്തയച്ചത്. നിലവാരം കുറഞ്ഞ കൽക്കരി ഉയർന്ന വിലയുള്ള ‘ശുദ്ധ ഇന്ധനം’ എന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തിയതിന്റെ തെളിവുകൾ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുകയാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
ആസ്‌ട്രേലിയൻ സെന്റർ ഫോർ ഇന്റർനാഷനൽ ജസ്റ്റിസ്, ബാങ്ക്‌ട്രാക്ക്, ബോബ് ബ്രൗൺ ഫൗണ്ടേഷൻ, കൾച്ചർ അൺസ്റ്റെയിൻഡ്, ഇക്കോ, എക്‌സ്‌റ്റിങ്ഷൻ റിബലിയൻ, ഫ്രണ്ട്‌സ് ഓഫ് ദ എർത്ത് ആസ്‌ട്രേലിയ, ലണ്ടൻ മൈനിങ് നെറ്റ്‌വർക്ക്, മക്കെ കൺസർവേഷൻ ഗ്രൂപ്, മാർക്കറ്റ് ഫോഴ്‌സസ്, മണി റിബലിയൻ, മൂവ് ബിയോണ്ട് കോൾ, സീനിയേഴ്‌സ് ഫോർ ക്ലൈമറ്റ് ആക്ഷൻ നൗ, സ്റ്റാൻഡ് എർത്ത്, സ്റ്റോപ് അദാനി, സൺറൈസ് മൂവ്മെന്റ്, ടിപ്പിങ് പോയന്റ്, ടോക്സിക് ബോണ്ട്സ്, ട്രാൻസ്പെരൻസി ഇന്റർനാഷനൽ ആസ്ട്രേലിയ, ഡബ്ല്യു&ജെ നഗാന യാർബെയ്ൻ കൾച്ചറൽ കസ്റ്റോഡിയൻസ്, ക്വീൻസ്ലാൻഡ് കൺസർവേഷൻ കൗൺസിൽ എന്നീ സംഘടനകളാണ് കത്തയച്ചത്.
കൽക്കരിയുടെ അമിതവില ചൂണ്ടിക്കാണിച്ച് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം പുനരാരംഭിക്കണമെന്ന നിലപാട് ഡി.ആർ.ഐ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ നേരത്തേ ആവർത്തിച്ചിരുന്നു. 2011 നും 2015 നും ഇടയിൽ ഇന്തോനേഷ്യയിൽനിന്നുള്ള കൽക്കരിക്ക് അമിതവില ഈടാക്കിയെന്ന് ആരോപിച്ച് 2016 മാർച്ചിൽ ഏതാനും അദാനി ഗ്രൂപ് കമ്പനികൾക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.