തൃണമൂൽ നേതാവ് അഭിഷേകിന്റെ ഭാര്യയെ സി.ബി.ഐ ചോദ്യം ചെയ്തു
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുജിരയെ സി.ബി.ഐ ചോദ്യം ചെയ്തു. കൽക്കരി മാഫിയ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് സ്ഥിരമായി കൈക്കൂലി നൽകിയെന്ന ആരോപണത്തിലാണ് ചോദ്യംചെയ്യൽ. നിലവിൽ ഒളിവിൽ കഴിയുന്ന പാർട്ടിയുടെ യുവനേതാവ് വിനയ് മിശ്രയിലൂടെയാണ് പണം കൈമാറിയതെന്നാണ് ആരോപണം. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം സി.ബി.ഐ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്.
അഭിഷേകുമായി ബന്ധമുള്ള തൃണമൂൽ കോൺഗ്രസിലെ യുവ നേതാക്കളുടെ വീട്ടിൽ ഇതിനകം സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഉച്ചക്ക് 1.15ഓടെ ചോദ്യംചെയ്യൽ പൂർത്തിയാക്കി സംഘം മടങ്ങി. സി.ബി.ഐ എത്തുന്നതിന് തൊട്ടുമുമ്പ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അവരുടെ വീട്ടിലെത്തി. മരുമകനും കുടുംബത്തിനുമുള്ള പിന്തുണ അറിയിക്കാനാണ് മമത ചൊവ്വാഴ്ച രാവിലെതന്നെ സന്ദർശിച്ചത്. ഉടൻതന്നെ മമത മടങ്ങുകയും ചെയ്തു. മുൻകൂട്ടി നിശ്ചയിക്കാതെയാണ് മമത എത്തിയത്. രുജിരയെ ചൊവ്വാഴ്ച ചോദ്യംചെയ്യുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.
കൽക്കരി കള്ളക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.ബി.ഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. അനധികൃതമായി കൽക്കരി ഖനനം ചെയ്തതിനും കൽക്കരി കടത്തിയതിനും നവംബറിലാണ് സി.ബി.ഐ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.