രാജ്യത്തെ ഇരുട്ടിലാക്കി ഊർജ പ്രതിസന്ധി; കൽക്കരി വാഗണുകൾക്ക് വഴിയൊരുക്കാൻ 713 ട്രെയിനുകൾ റദ്ദാക്കി
text_fieldsന്യൂഡൽഹി: കടുത്ത കൽക്കരിക്ഷാമം മൂലമുണ്ടായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഊർജിത നീക്കവുമായി കേന്ദ്രം. കൽക്കരി കടത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി കൈക്കൊള്ളാനും വൈദ്യുതി നിലയങ്ങളിൽ കൽക്കരി എത്തിക്കുന്നതിനുള്ള സമയം വെട്ടിക്കുറക്കാനുമാണ് ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
യാത്രാട്രെയിനുകൾ താൽക്കാലികമായാണ് റദ്ദാക്കുന്നതെന്നും വൈദ്യുതോൽപാദനം സാധാരണ നില കൈവരിച്ചാൽ സർവിസുകൾ പുനഃസ്ഥാപിക്കുമെന്നും ഇന്ത്യൻ റെയിൽവേ എക്സിക്യൂട്ടിവ് ഡയറക്ടർ ഗൗരവ് കൃഷ്ണ ബൻസാൽ പറഞ്ഞു. കൽക്കരി വാഗണുകൾക്ക് വഴിയൊരുക്കാൻ ഇതുവരെ 713 ട്രെയിനുകൾ റദ്ദാക്കി.
ഉഷ്ണതരംഗത്തിൽ വിവിധ സംസ്ഥാനങ്ങൾ ചുട്ടുപൊള്ളുന്നതിനിടെയാണ് വൈദ്യുതിക്ഷാമവും അപ്രഖ്യാപിത പവർകട്ടും ഉണ്ടായത്. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഝാർഖണ്ഡ്, ബിഹാർ, ഹരിയാന, യു.പി, ആന്ധ്ര എന്നീ സംസ്ഥാനങ്ങളാണ് കടുത്ത വൈദ്യുതിക്ഷാമം നേരിടുന്നത്. അതിനിടെ, ഛത്തിസ്ഗഢിൽ റദ്ദാക്കിയ മൂന്നു ട്രെയിനുകൾ പ്രാദേശിക എം.പിമാരുടെ പ്രതിഷേധത്തെത്തുടർന്ന് പുനഃസ്ഥാപിച്ചു.
ഇടിഞ്ഞ് കൽക്കരി ശേഖരം
173 താപവൈദ്യുതി നിലയങ്ങളിൽ 108 എണ്ണത്തിലും കൽക്കരി ശേഖരം കുറഞ്ഞു. 56 എണ്ണത്തിൽ 10 ശതമാനമോ അതിനു താഴെയോ ആണ് കൽക്കരി അവശേഷിക്കുന്നത്. 26 നിലയത്തിൽ അഞ്ചു ശതമാനത്തിലും താഴെയാണ് സ്റ്റോക്ക്. 21 ദിവസമെങ്കിലും കരുതൽ കൽക്കരി വേണ്ടിടത്ത് നിർണായക പവർ പ്ലാന്റുകളിൽ ഒരു ദിവസത്തേക്കുള്ള സ്റ്റോക്കാണുള്ളത്. വൈദ്യുതിക്ഷാമം മൂലം വ്യവസായ ശാലകളിൽ ഉൽപാദനവും വെട്ടിക്കുറക്കേണ്ടിവന്നു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് കൽക്കരി ഇറക്കുമതി തടസ്സപ്പെട്ടതും ഉയർന്ന വൈദ്യുതി ഉപഭോഗവുമാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണമായത്. ഏപ്രിൽ ആദ്യംതന്നെ വൈദ്യുതി പ്ലാന്റുകളിലെ കൽക്കരി ശേഖരം 17 ശതമാനം കുറഞ്ഞിരുന്നു. ആവശ്യമായ അളവിന്റെ മൂന്നിലൊന്നു മാത്രമായിരുന്നു ഇത്.
കഴിഞ്ഞ വർഷവും ഇതേ സാഹചര്യമുണ്ടായിരുന്നു. അന്ന് കൽക്കരി സ്റ്റോക്ക് കുറഞ്ഞതിനാൽ പല സംസ്ഥാനങ്ങളിലും വൈദ്യുതി മുടങ്ങി. രാജ്യത്തെ വൈദ്യുതിയുടെ 70 ശതമാനവും കൽക്കരിയിൽനിന്നാണ്. രാജ്യത്ത് കൽക്കരി കടത്ത് പ്രധാനമായും റെയിൽവേ വഴിയാണ്. വേണ്ടത്ര വണ്ടികളില്ലാത്തത് ദൂരസ്ഥലങ്ങളിലേക്ക് കൽക്കരി എത്തിക്കുന്നതിനും തടസ്സമായി.
ഏപ്രിൽ 28ന് വൈദ്യുതി ആവശ്യം 204.6 ജിഗാവാട്ട് എന്നത് എക്കാലത്തെയും ഉയർന്ന നിരക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.