27 വർഷത്തെ സുസ്ത്യർഹ സേവനം, 12 വിദേശ ദൗത്യങ്ങൾ; തീരദേശസേന കപ്പൽ സമർ ഡീ കമീഷൻ ചെയ്തു
text_fieldsകൊച്ചി: 27 വർഷത്തെ സുസ്ത്യർഹ സേവനത്തിന് ശേഷം തീരദേശസേനയുടെ കപ്പലായ ഐ.സി.ജി.എസ് സമർ ഡീ കമീഷൻ ചെയ്തു. കൊച്ചിയിൽ കോസ്റ്റ് ഗാർഡ് ജെട്ടിയിൽ നടന്ന ചടങ്ങിൽ പൂർണ ബഹുമതികളോടെയാണ് കപ്പലിന്‍റെ ഡീ കമീഷൻ പ്രഖ്യാപിച്ചത്.
കോസ്റ്റ് ഗാർഡ് അഡീഷണൽ ഡയറക്ടർ ജനറൽ എസ്. പരമേശ്, മുൻ ഡയറക്ടർ ജനറൽ ഡോ. പ്രഭാകരൻ പലേരി, മുൻ കമാൻഡിങ് ഓഫീസർമാർ, നാവികർ അടക്കമുള്ളവർ പങ്കെടുത്തു.
തീരദേശസേനയുടെ അഡ്വാൻസ്ഡ് ഓഫ്ഷോർ പെട്രോൾ വെസൽ ഇനത്തിലെ ആദ്യ കപ്പലാണ് ഐ.സി.ജി.എസ് സമർ. 1996 ഫെബ്രുവരിയിൽ ഗോവയിൽ നടന്ന ചടങ്ങിൽ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ആണ് കപ്പൽ കമീഷൻ ചെയ്തത്. തുടക്കത്തിൽ മുംബൈ കേന്ദ്രമാക്കി പ്രവർത്തിച്ച കപ്പൽ പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
102 മീറ്റർ നീളവും 6200 കിലോവാട്ട്സിന്‍റെ ഇരട്ട എൻജിനുമുള്ള കപ്പലിന് 21 നോട്ടിക്കൽ മൈൽ ആണ് വേഗത. 54,000 മണിക്കൂർ കടലിൽ ചെലവഴിച്ച കപ്പൽ 5,68,700 മൈൽ ദൂരം സഞ്ചരിച്ചു.
28 കടൽക്കൊള്ളക്കാരെ പിടികൂടുന്നതിൽ സമർ നിർണായക പങ്ക് വഹിച്ചു. 12 തവണ വിദേശ ദൗത്യങ്ങളിൽ വിന്യസിക്കപ്പെട്ട കപ്പൽ, പ്രസിഡൻഷ്യൽ ഫ്ലീറ്റ് അവലോകനത്തിലും അന്താരാഷ്ട്ര ഫ്ലീറ്റ് അവലോകനത്തിലും പങ്കെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.