‘കോബ്രപോസ്റ്റ്: ഹിന്ദുത്വ അനുകൂല വാർത്തകൾക്ക് വിലപേശൽ; പ്രമുഖ മാധ്യമസ്ഥാപനങ്ങൾ കുടുങ്ങും
text_fieldsന്യൂഡൽഹി: വർഗീയത തുളുമ്പുന്ന ഉള്ളടക്കമുള്ളതും പ്രതിപക്ഷ നേതാക്കളെ താറടിക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കാനായി രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ ഉന്നതപദവിയിലുള്ളവർ വില പേശലിന് തയാറാകുന്ന ഒളികാമറ ഒാപറേഷൻ ദൃശ്യങ്ങൾ ന്യൂസ് പോർട്ടലായ ‘കോബ്ര പോസ്റ്റ്’ പുറത്തുവിട്ടു.
30ലധികം വിഡിയോകളാണ് സൈറ്റ് പുറത്തുവിട്ടത്. ഒളികാമറ ഒാപറേഷൻ രണ്ടാം ഘട്ടത്തിെൻറ വിഡിയോകൾ പുറത്തുവിടുന്നതിനെതിരെ മാധ്യമസ്ഥാപനമായ ‘ദൈനിക് ഭാസ്കർ’ ഡൽഹി ഹൈകോടതിയിൽനിന്ന് അനുകൂല വിധി നേടിയിരുന്നു. ഇൗ സാഹചര്യത്തിൽ, ‘ദൈനിക് ഭാസ്കർ’ ഉൾപ്പെടുന്ന വിഡിയോ ഭാഗങ്ങൾ ഒഴിവാക്കി.
കോബ്ര പോസ്റ്റ് റിപ്പോർട്ടർ കോടികളുടെ പരസ്യദാതാവ് എന്ന നിലക്ക് പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ‘ടൈംസ് ഒാഫ് ഇന്ത്യ’, ‘ഹിന്ദുസ്ഥാൻ ടൈംസ്’, ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’, ‘ടി.വി 18’, ‘എ.ബി.എൻ ആന്ധ്ര ജ്യോതി’, ‘ദിനമലർ’, ‘ഒാപൺ മാഗസിൻ’, ‘സൺ ഗ്രൂപ്’ തുടങ്ങിയവയുമാണ് വിലപേശൽ നടത്തിയത്. റിപ്പോർട്ടറായ പുഷ്പ് ശർമ ഒരു സംഘടനയുടെ ‘പ്രചാരക്’ ആണെന്നും പേര് ‘ആചാര്യ അടൽ’ ആണെന്നുമാണ് പരിചയപ്പെടുത്തുന്നത്.
‘ശ്രീമദ് ഭഗവത് ഗീത പ്രചാർ സമിതി’ എന്ന സംഘടനയെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് ഇയാൾ പറയുന്നത്. വർഗീയത വിതക്കുന്ന വാർത്തകളും മറ്റും ഉൾപ്പെടുത്തി കാമ്പയിൻ നടത്തുന്നതിനുള്ള പിന്തുണ നൽകിയാൽ കോടികളുടെ പരസ്യവും സ്പോൺസർഷിപ്പും നൽകാമെന്നായിരുന്നു വാഗ്ദാനം.
കാമ്പയിൻ രണ്ട് രൂപത്തിൽ നടത്തണം. ആദ്യം അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനായി മതപരമായ ഉള്ളടക്കമുള്ള വാർത്തകൾ പ്രസിദ്ധീകരിക്കണം. തുടർന്ന് രാഹുൽ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ പരിഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും വേണം. രണ്ടാം ഘട്ടത്തിൽ കൂടുതൽ സുവ്യക്തമായ നടപടികൾ വേണം. ആർ.എസ്.എസ് നേതാക്കളുടെ പ്രസംഗങ്ങൾക്ക് പ്രാധാന്യം നൽകണം.
‘ടൈംസ് ഒാഫ് ഇന്ത്യ’യുടെ എം.ഡി വിനീത് ജെയ്ൻ ഉൾപ്പെടെ ഇൗ ഒാഫറിനോട് അനുകൂലമായാണ് പ്രതികരിക്കുന്നത്. ‘ടൈംസി’ന് 500 കോടിയാണ് റിപ്പോർട്ടർ വാഗ്ദാനം ചെയ്തത്.
എന്നാൽ, പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും രണ്ടു പത്രങ്ങൾ- ‘ബർതമാനും’ ‘ദൈനിക് സംബദും’ ഇൗ ഒാഫറുകൾ തള്ളി. വർഗീയവും ചേരിതിരിവുണ്ടാക്കുന്നതുമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനാകില്ലെന്ന് ഇരു സ്ഥാപനങ്ങളുടെയും മേധാവികൾ അടച്ചുപറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.