കോബ്രാ പോസ്റ്റ് ഒളികാമറ: വെളിപ്പെട്ടത് വൻകിട മാധ്യമങ്ങളുടെ മറുപുറം
text_fieldsന്യൂഡൽഹി: വൻകിട മാധ്യമങ്ങൾ പണംവാങ്ങി ഹിന്ദുത്വ പ്രചാരണത്തിന് തയാറാകുന്ന വാർത്ത പുറത്തുകൊണ്ടുവന്ന കോബ്രാ പോസ്റ്റ് ഒളികാമറ ഒാപറേഷൻ വെളിപ്പെടുത്തിയത് ഇന്ത്യയിലെ മാധ്യമ ഭീമന്മാരുടെ മറുപുറം. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോകൾ രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള മാധ്യമങ്ങളെയാണ് പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്.
കറൻസി നിരോധനത്തിൽ മോദി സർക്കാറിനെ പിന്തുണച്ച് കള്ളപ്പണത്തിനെതിരെ വ്യാപക പ്രചാരണം നടത്തിയ ‘ടൈംസ് ഒാഫ് ഇന്ത്യ ഗ്രൂപ്’ അടക്കമുള്ളവർ കള്ളപ്പണം ഏറ്റുവാങ്ങാൻ തയാറാണെന്ന് ഒളികാമറയിൽ വെളിപ്പെടുത്തുണ്ട്. ആർ.എസ്.എസ് അംഗമാണെന്ന പ്രതീതി സൃഷ്ടിച്ച് ഒളികാമറാ ഒാപറേഷൻ നടത്തിയ ‘കോബ്രാ പോസ്റ്റ്’ ലേഖകന് മുമ്പാകെയാണ് ഹിന്ദുത്വ പ്രചാരണത്തിന് കള്ളപ്പണമടക്കം 500 കോടിയുടെ കരാറുറപ്പിക്കാൻ ‘ടൈംസ് ഒാഫ് ഇന്ത്യ’ പത്രം, ടൈംസ് നൗ ചാനൽ എന്നിവയടങ്ങുന്ന ഗ്രൂപ്പിെൻറ മേധാവികൾ സന്നദ്ധമായത്.
2019ലെ തെരഞ്ഞെടുപ്പിന് ഹിന്ദുത്വ കാമ്പയിനായി തങ്ങൾ ധാരാളം പണമിറക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും തങ്ങൾ പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ രണ്ടോ മൂന്നോ ഘട്ടങ്ങളിലായി വായനക്കാർക്കും പ്രേക്ഷകർക്കും ശ്രോതാക്കൾക്കും എത്തിക്കണമെന്നും പറഞ്ഞാണ് ‘ആചാര്യ അടൽ’ എന്ന പേരിൽ കോബ്രാ പോസ്റ്റ് ലേഖകൻ വൻകിട മാധ്യമ സ്ഥാപനങ്ങളെ സമീപിച്ചത്.
ഒന്നാം ഘട്ടത്തിൽ ഹിന്ദുത്വ പ്രചാരണം നടത്താനും രണ്ടാം ഘട്ടത്തിൽ രാഹുൽ, മായാവതി, അഖിലേഷ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ അവഹേളിക്കാനും അവസാനഘട്ടത്തിൽ വിനയ് കത്യാർ, ഉമാഭാരതി, മോഹൻ ഭാഗവത് തുടങ്ങിയ തീവ്ര ഹിന്ദുത്വവാദികളുടെ പ്രസംഗങ്ങൾക്ക് പ്രചാരം നൽകി വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കാനും പ്രവർത്തിക്കാനുമുള്ള കരാറിന് വൻകിട മാധ്യമ സ്ഥാപനങ്ങൾ തയാറായി.
രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പായ ടൈംസ് ഒാഫ് ഇന്ത്യ ഗ്രൂപ്പിെൻറ മാനേജിങ് ഡയറക്ടർ വിനീത് ജെയിനാണ് ഹിന്ദുത്വ രാഷ്ട്രീയ അജണ്ടക്കായി കൃഷ്ണനെയും ഭഗവദ്ഗീതയെയും കുറിച്ചുള്ള പരസ്യങ്ങൾക്കും പരിപാടികൾക്കും 500 കോടി രൂപയുടെ ഇടപാട് ഉറപ്പിക്കുകയും അതിൽ 80 ശതമാനവും കള്ളപ്പണം വാങ്ങാമെന്ന് സമ്മതിക്കുകയും ചെയ്തത്.
20 ശതമാനം മാത്രം തങ്ങൾക്ക് ചെക്കായി നൽകാൻ കഴിയുമെന്നും ബാക്കി 80 ശതമാനവും (400 കോടി) പണമായി നൽകുമെന്നുമായിരുന്നു വാഗ്ദാനം. തുടർന്ന് ടൈംസ് ഗ്രൂപ് മേധാവി തന്നെ പണമായി നൽകുന്ന തുക തങ്ങൾ മറ്റു വഴിയിലൂടെ ചെക്കായി കമ്പനിയുടേതാക്കാമെന്ന് പറയുന്നുണ്ട്.
രണ്ടാമത്തെ വലിയ ഇടപാടുറപ്പിച്ചത് ഇന്ത്യാടുഡേ ഗ്രൂപ്പുമായിട്ടാണ്. ഇന്ത്യാ ടുഡേ ഉടമ അരുൺപുരിയുടെ മകളായ കല്ലി പുരിയുമായി 275 കോടിയാണ് ഹിന്ദുത്വ പ്രചാരണത്തിനായി ചോദിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യാടുഡേ ഗ്രൂപ് എല്ലാ ഉറവിടങ്ങളിൽ നിന്നുമുണ്ടാക്കിയ തുകയുടെ 20 ശതമാനം വരുമിത്.
ഇവക്ക് പുറമെ ‘ഹിന്ദുസ്ഥാൻ ടൈംസ്’, ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’, ‘ടി.വി 18’, ‘ദിനമലർ’, പേ ടി.എം, ‘സൺ ഗ്രൂപ്’, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിെൻറ എ.ബി.എൻ ആന്ധ്രാജ്യോതി, ഒാപൺ മാഗസിൻ, ബിഗ് എഫ്.എം തുടങ്ങി കോബ്രാ േപാസ്റ്റ് സമീപിച്ച 27 സ്ഥാപനങ്ങളിൽ രണ്ട് ബംഗാളി പത്രങ്ങൾ മാത്രമാണ് പണത്തിന് പകരം ഹിന്ദുത്വം പ്രചരിപ്പിക്കാനുള്ള പാക്കേജ് തള്ളിക്കളഞ്ഞത്. രാജ്യത്തെ വാർത്താഡെസ്കുകളിൽ ആർ.എസ്.എസ് വലിയ വേരോട്ടമുണ്ടാക്കിയെന്ന് ഒളികാമറ ഒാപറേഷനിൽ മനസ്സിലായെന്ന് കോബ്രാ പോസ്റ്റ് വ്യക്തമാക്കി.
അതേസമയം, ഒളികാമറയിൽ കുടുങ്ങിയ വിവിധ മാധ്യമങ്ങൾ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. ഒളികാമറ ഒാപറേഷൻ തങ്ങൾ അറിഞ്ഞിരുന്നെന്നും ഇവരുടെ ഉദ്ദേശ്യമറിയുന്നതിനുവേണ്ടി അഭിനയിക്കുകയായിരുന്നെന്നും ടൈംസ് ഗ്രൂപ് വൃത്തങ്ങൾ വെളിപ്പെടുത്തലിനോട് പ്രതികരിച്ചു. ഇന്ത്യാടുഡേ കോബ്ര പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.