ബിരിയാണിയിൽ പാറ്റ; 20,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
text_fieldsഹൈദരാബാദ്: ബിരിയാണിയിൽ പാറ്റ കണ്ടെത്തിയ സംഭവത്തിൽ പരാതിക്കാരന് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഹൈദരാബാദിലെ അമർപേട്ടിലുള്ള റസ്റ്ററന്റിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പാറ്റയെ കണ്ടെത്തിയത്. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് ഉത്തരവിട്ടത്.
2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അരുൺ എന്നയാളാണ് ക്യാപ്റ്റൻ കുക്ക് എന്ന റസ്റ്ററന്റിൽ നിന്നും ചിക്കൻ ബിരിയാണി ഓർഡർ ചെയ്തത്. പിന്നീട് ഓഫീസിൽ പോയി പൊതി തുറന്നപ്പോഴാണ് ബിരിയാണിയിൽ പാറ്റയെ കണ്ടത്.
ഉടൻ തന്നെ അരുൺ ഹോട്ടലുമായി ബന്ധപ്പെട്ടെങ്കിലും ക്ഷമ ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് പറയുന്നു. അടുത്തിടെ ഓഫീസിൽ കീടനിയന്ത്രണം നടത്തിയിരുന്നതായും മാനേജർ അവകാശപ്പെട്ടു. ഹോട്ടൽ അധികൃതരുടെ മറുപടിയിൽ തൃപ്തനാകാതിരുന്ന അരുൺ ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിക്കുകയായിരുന്നു.
പരാതി പരിഗണിക്കുന്നതിനിടെ റസ്റ്ററന്റ് ഉടമകൾ പരാതിയിലെ ആരോപണങ്ങൾ നിഷേധിച്ചു. ചൂടോടെയാണ് ബിരിയാണി നൽകിയതെന്ന് പാറ്റക്ക് അത്രയും ചൂട് അതിജീവിക്കാനാവില്ലെന്ന് റസ്റ്ററന്റ് ഉടമകൾ വാദിച്ചു. എന്നാൽ, സംഭവം തെളിയിക്കുന്നതിനായി വിഡിയോ ഉൾപ്പടെ അരുൺ സമർപ്പിച്ചതോടെ പരാതിക്കാരന് 20,000 രൂപ നഷ്ടപരിഹാരമായി നൽകാനും കേസിന്റെ ചെലവുകൾക്കായി 10,000 രൂപ നൽകാനും കമീഷൻ ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.