കോയമ്പത്തൂർ സ്ഫോടനക്കേസ്; കാൽനൂറ്റാണ്ട് ജയിലിൽ കഴിഞ്ഞെങ്കിലും ജാമ്യം നൽകാനാവില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കാൽനൂറ്റാണ്ട് ജയിലിൽ കഴിഞ്ഞാലും 58 പേർ കൊല്ലപ്പെട്ട കോയമ്പത്തൂർ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് സുപ്രീംകോടതി. 1998ലെ കോയമ്പത്തൂർ സ്ഫോടന പരമ്പര അതിക്രൂരമാണെന്ന് വിശേഷിപ്പിച്ച്, കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ ചിലർ സമർപ്പിച്ച ജാമ്യഹരജി സുപ്രീംകോടതി തള്ളി.
58 പേർ കൊല്ലപ്പെട്ടുവെന്നതുതന്നെ പ്രതികൾ ജയിലിൽ തുടരാൻ മതിയായ കാരണമാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സ്ഫോടനക്കേസിലെ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ ദീർഘകാലമായി കോടതിയിൽ കെട്ടിക്കിടക്കുന്നത് ചൂണ്ടിക്കാട്ടി ജാമ്യം നൽകണമെന്ന അപേക്ഷ തള്ളിയ ബെഞ്ച് അപ്പീലിൽ 2024 ഫെബ്രുവരിയിൽ വാദം കേൾക്കാമെന്ന് അറിയിച്ചു.
എന്താണ് ചെയ്തതെന്ന് നോക്കണമെന്ന് പ്രതികൾക്കുവേണ്ടി ഹാജരായ ആർ. ബസന്തിനോടും സൽമാൻ ഖുർശിദിനോടും ബെഞ്ച് പറഞ്ഞു. ജാമ്യം പരിഗണിക്കുമ്പോൾ കുറ്റകൃത്യത്തിന്റെ സ്വഭാവം പ്രധാന ഘടകമാണ്. രണ്ട് കോടതികൾ തുടർച്ചയായി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
തമിഴ്നാട് സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരിയും സ്റ്റാൻഡിങ് കോൺസൽ ജോസഫ് അരിസ്റ്റോട്ടിലും ജാമ്യാപേക്ഷയെ എതിർത്തു. ജാമ്യാപേക്ഷ തള്ളാതെ പിന്നീട് പരിഗണിക്കാനായി മാറ്റി വെക്കണമെന്ന് സൽമാൻ ഖുർശിദ് ആവശ്യപ്പെട്ടപ്പോൾ അനുവദിക്കാത്ത കാര്യം മാറ്റിവെക്കുന്നതെന്തിനാണെന്ന് ബെഞ്ച് ചോദിച്ചു.
അൽ ഉമ്മ തീവ്രവാദ സംഘടനയുടെ നേതാക്കളായ എസ്.എ. ബാഷ, മുഹമ്മദ് അൻസാരി എന്നിവരുടെ നേതൃത്വത്തിൽ 1998 ഫെബ്രുവരി 14നും 17നുമിടയിൽ കോയമ്പത്തൂരിൽ നടത്തിയ 19 സ്ഫോടനങ്ങളിൽ 58 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.